ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ വിജയിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും സാക്ക് ക്രോളിയുടെ കരുത്തിലാണ് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ മുന്നിലെത്തി.
മത്സരത്തിൽ ഇന്ത്യയുടെ 371 റൺസിന്റെ വിജയം ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 84 പന്ത് ബാക്കി നിൽക്കേ വിജയം നേടുകയായിരുന്നു. ജഡേജ എറിഞ്ഞ പന്തിനെ സിക്സിന് പറത്തി ജാമി സ്മിത്താണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നേടാത്തതാണ് ഇന്ത്യയ്ക്ക് വിനയായത്.
രണ്ടാം ഇന്നിങ്സിൽ ഓപ്പണരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഓപ്പണിങ്ങിൽ 188 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കൂട്ടുകെട്ട് പൊളിച്ച് പ്രസീദ്ധ് കൃഷ്‌ണയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പ്രസീദ്ധ് അർധ സെഞ്ച്വറി നേടിയ സാക്ക് ക്രോളിയെ കെ.എൽ. രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. 126 പന്തിൽ 65 റൺസെടുത്തതാണ് താരം മടങ്ങിയത്.
പിന്നാലെ എത്തിയ ഒലി പോപ്പുമായി ചേർന്ന് ഡക്കറ്റ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. എന്നാൽ പ്രസീദ്ധ് തന്റെ അടുത്ത ഓവർ എറിയാനെത്തിയപ്പോൾ പോപ്പിന്റെ വിക്കറ്റും പിഴുതു. എട്ട് പന്തുകൾ നേരിട്ട് എട്ട് റൺസ് നേടിയ താരം ബൗൾഡായാണ് തിരിച്ച് നടന്നത്.
തുടരെ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായിട്ടും ഡക്കറ്റ് ഒട്ടും പതറാതെ തന്റെ ബാറ്റിങ് തുടർന്നു. എന്നാൽ ഏറെ വൈകാതെ താരത്തിനും തിരിച്ച് നടക്കേണ്ടി വന്നു. സെഞ്ച്വറിയുമായി തകർത്ത് കളിച്ച താരത്തിന്റെ വിക്കറ്റെടുത്തത് ഷർദുൽ താക്കൂറാണ്. 170 പന്തിൽ 149 റൺസ് എടുത്തായിരുന്നു ഇംഗ്ലണ്ട് ഓപ്പണറുടെ മടക്കം.
പിന്നാലെ ഇറങ്ങിയ ഹാരി ബ്രൂക്ക് നേരിട്ട ആദ്യ പന്തിൽ തന്നെ ഔട്ടായി. ലോർഡ് താക്കൂറിന്റെ പന്തിൽ റിഷബ് പന്തിന് ക്യാച്ച് നൽകിയാണ് താരം വന്ന പോലെ തിരികെ നടന്നത്. അടുത്ത അടുത്ത പന്തിൽ രണ്ട് വിക്കറ്റുകൾ നേടിയതോടെ ഇന്ത്യയ്ക്ക് മത്സരത്തിൽ നേരിയ പ്രതീക്ഷ ലഭിച്ചു.
എന്നാൽ, ഇന്ത്യയുടെ സ്വപ്നം തകർത്ത് ജോ റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും ഇംഗ്ലണ്ടിന്റെ പോരാട്ടം ഏറ്റെടുത്തു. സ്കോർ ബോർഡിലേക്ക് 49 റൺസ് ചേർത്താണ് ഈ സഖ്യം പിരിഞ്ഞത്. രവീന്ദ്ര ജഡേജയാണ് സ്റ്റോക്‌സിന്റെ വിക്കറ്റെടുത്തത്. ഇംഗ്ലണ്ട് നായകനെ ഗില്ലിന്റെ കയ്യിലെത്തിച്ചാണ് താരം ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ സമ്മാനിച്ചത്.
നായകൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ജാമി സ്മിത് റൂട്ടുമായി ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് ഇംഗ്ലണ്ടിനെ വിജയ തീരമണിയിച്ചത്. 84 പന്ത് നേരിട്ട് റൂട്ട് പുറത്താവാതെ 53 റൺസ് എടുത്തപ്പോൾ സ്മിത് 55 പന്തിൽ 44 റൺസ് എടുത്ത് പുറത്താവാതെ നിന്നു.
നേരത്തെ ആറ് റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റൺസിന് ഇംഗ്ലണ്ട് തളക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ആദ്യ ഇന്നിങ്‌സിൽ 42 റൺസിന് പുറത്തായ രാഹുൽ രണ്ടാം ഇന്നിങ്‌സിൽ 247 പന്ത് നേരിട്ട് 18 ഫോറുകൾ അടക്കം 137 റൺസാണ് സ്വന്തമാക്കിയത്. 140 പന്ത് നേരിട്ട് മൂന്ന് സിക്‌സറും 15 ഫോറും അടക്കം 118 റൺസാണ് പന്ത് രണ്ടാം ഇന്നിങ്‌സിൽ അടിച്ചെടുത്തത്.
മറ്റാർക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ലായിരുന്നു. മധ്യ നിരയിൽ കരുൺ നായരും (20 റൺസ്) ഷാർദുൽ താക്കൂറും (4 റൺസ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലർത്താൻ സാധിക്കാതെയാണ് മടങ്ങിയത്. പിന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റൺസിനാണ് മടങ്ങിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡൻ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീർ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സിൽ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്, ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
ഗില്‍ 227 പന്തില്‍ 147 റണ്‍സും പന്ത് 178 പന്തില്‍ നേരിട്ട് 134 റണ്‍സും അടിച്ചെടുത്തപ്പോള്‍ 159 പന്തില്‍ 101 റണ്‍സാണ് ജെയ്‌സ്വാള്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനായി ഒലി പോപ്പും (137 പന്തില്‍ 106), ഹാരി ബ്രൂക്കും (112 പന്തില്‍ 99) മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ ഇത് മതിയാകുമായിരുന്നില്ല.
ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 465ന് പുറത്താവുകയും ഇന്ത്യ ആറ് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയുമായിരുന്നു. ഒന്നാം ഇന്നിങ്സിൽ ബൗളിങ്ങിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറയായിരുന്നു. താരം ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
Content Highlight: Ind vs Eng: England won the first test against India for five wickets