77 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ടോപ് ഓര്‍ഡറില്‍ ഇങ്ങനെയൊന്ന് ആദ്യം!
Tendulkar - Anderson Trophy
77 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ടോപ് ഓര്‍ഡറില്‍ ഇങ്ങനെയൊന്ന് ആദ്യം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th July 2025, 11:13 am

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 186 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്. 135 ഓവറുകള്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 544 റണ്‍സ് നേടിയിട്ടുണ്ട്.
നിലവില്‍ ഇംഗ്ലണ്ടിനായി നായകന്‍ ബെന്‍ സ്റ്റോക്‌സും (134 പന്തില്‍ 77) ലിയാം ഡോവ്‌സണുമാണ് (52 പന്തില്‍ 21) ക്രീസില്‍.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത് ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ്. ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയ റൂട്ട് 248 പന്തുകള്‍ നേരിട്ട് 150 റണ്‍സാണ് എടുത്തത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തത്. താരത്തിന് പുറമെ ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറും മികച്ച പ്രകടനം പുറത്തെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ മൂന്ന് പേരും അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷമാണ് ഡഗ്ഗ്ഔട്ടിലേക്ക് തിരിച്ച് നടന്നത്. ഓപ്പണറായ ബെന്‍ ഡക്കറ്റ് 94 റണ്‍സ് കണ്ടെത്തിയപ്പോള്‍ സഹ ഓപ്പണര്‍ സാക്ക് ക്രൗളി 84 റണ്‍സെടുത്തു. വണ്‍ ഡൗണായി ഇറങ്ങിയ ഒലി പോപ്പും മോശമാക്കിയില്ല. താരം ഇന്ത്യക്കെതിരെ അടിച്ച് കൂട്ടിയത് 71 റണ്‍സാണ്.

മിന്നും പ്രകടനങ്ങളോടെ താരങ്ങള്‍ തിരുത്തി കുറിച്ചത് ഇംഗ്ലണ്ടിന്റെ തന്നെ ചരിത്രമാണ്. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിലെ നാല് ബാറ്റര്‍മാര്‍ ഒരുമിച്ച് 70+ റണ്‍സ് നേടുന്നത് വളരെ അപൂര്‍വമാണ്. 77 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരേ ഇന്നിങ്‌സില്‍ നാല് ബാറ്റര്‍മാരും 70+ സ്‌കോര്‍ കണ്ടെത്തിയത്.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 114.1 ഓവറില്‍ 358 റണ്‍സ് എടുത്ത് പുറത്തായിരുന്നു. യുവതാരം സായ് സുദര്‍ശന്‍, ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍, പരിക്കേറ്റിട്ടും വീറോടെ പോരാടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സായ് സുദര്‍ശന്‍ 151 പന്തുകള്‍ നേരിട്ട് 61 റണ്‍സ് നേടിയപ്പോള്‍ ജെയ്സ്വാള്‍ 107 പന്തില്‍ 58 റണ്‍സും സ്‌കോര്‍ ചെയ്തു.

ആദ്യം ദിനം പരിക്കേറ്റ് മടങ്ങിയ പന്ത് രണ്ടാം ദിവസം ബാറ്റിങ്ങിനെത്തിയാണ് അര്‍ധ സെഞ്ച്വറി നേടിയത്. കാലിലെ പരിക്കുമായി ബാറ്റ് ചെയ്ത താരം 75 റണ്‍സ് നേരിട്ടാണ് 54 റണ്‍സ് എടുത്തത്.

അതേസമയം നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാംഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ മികച്ച സ്‌കോര്‍ നേടാനാവും ശ്രമിക്കുക. ഇന്ത്യയാകട്ടെ ആതിഥേയരെ എത്രയും വേഗത്തില്‍ പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിക്കാനുമാകും.

Content Highlight: Ind vs Eng: England top four batters score 70+ runs in Test after 77 years