ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 18 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ ലീഡ് നേടാന്‍ സാധിച്ചു.
നിലവില്‍ ഇന്ത്യയ്ക്കായി ക്രീസില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളും നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപുമാണുള്ളത്. ജെയ്സ്വാള്‍ 49 പന്തില്‍ 51 റണ്‍സും ആകാശ് രണ്ട് പന്തില്‍ നാല് റണ്‍സുമാണ് നേടിയത്. 28 പന്തില്‍ ഏഴ് റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 29 പന്തില്‍ 11 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇപ്പോള്‍ ഇരുവരെയും കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. സായ് സുദര്ശന്റെയും കെ.എല്‍ രാഹുലിന്റെയും ശൈലി ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നാണ് അദ്ദേഹം പറയുന്നത്. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതല്ല അവരുടെ ശൈലി. വളരെ മോശം പന്ത് അടിക്കാന്‍ കാത്തിരുന്നാല്‍, നിങ്ങള്‍ക്ക് ഇവിടെ അധികനേരം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ആദ്യ ദിവസത്തിനേക്കാള്‍ രണ്ടാം ദിവസം ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.
കുറച്ച് റിസ്‌കുകള്‍ എടുക്കാനും ഷോട്ടുകള്‍ കളിക്കാനും തയ്യാറുള്ള ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാനുള്ള മികച്ച അവസരമുണ്ടായിരുന്നു. ബൗളര്‍മാരെ വീണ്ടും സമ്മര്‍ദത്തിലാക്കാന്‍ ബാറ്റര്‍മാര്‍ റിസ്‌കുകള്‍ എടുക്കേണ്ടതുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സ് എടുത്തിരുന്നു. കരുണ്‍ നായരുടെ അര്‍ധ സെഞ്ച്വറിയായിരുന്നു സന്ദര്‍ശകരെ 200 റണ്‍സ് കടത്തിയത്. 109 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറുകള്‍ അടക്കം 57 റണ്‍സെടുത്തിരുന്നു. കൂടാതെ, 108 പന്തില്‍ 38 റണ്‍സെടുത്ത സായ് സുദര്‍ശനും ഇന്ത്യന്‍ ഇന്നിങ്‌സില്‍ മുതല്‍ക്കൂട്ടായി.
തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 247 റണ്‍സിന് പുറത്താക്കിയിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്റെയും മിന്നും പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചെറിയ ലീഡില്‍ ഒതുക്കിയത്. ഇരുവരും നാല് വിക്കറ്റുകള്‍ വീതമാണ് നേടിയത്.
Content Highlight: Ind vs Eng: Dinesh Karthik says that Sai Sudarshan’s and KL Rahul’s style is not well suited in England