ഇംഗ്ലണ്ട് 100 റൺസിന് പുറത്താകും; വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ അമ്പയർ
Sports News
ഇംഗ്ലണ്ട് 100 റൺസിന് പുറത്താകും; വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ അമ്പയർ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st July 2025, 7:49 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. നാളെയാണ് (ബുധൻ) രണ്ടാം മത്സരം ആരംഭിക്കുക. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.

ഇപ്പോൾ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ കുറിച്ച് വമ്പൻ പ്രവചനം നടത്തുകയാണ് മുൻ ഇന്ത്യൻ അമ്പയർ അനിൽ ചൗധരി. ഇന്ത്യ ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും ഇംഗ്ലണ്ട് ഒരുപാട് റിസ്ക് എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഗ്രസീവ് സമീപനം തുടർന്നാൽ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് സംഭവിച്ചത് ഇംഗ്ലണ്ടിനും സംഭവിക്കുമെന്നും അവർ 100 റൺസിന് പുറത്താവുമെന്നും അദ്ദേഹം പ്രവചിച്ചു. രണ്ടാം മത്സരത്തിൽ പിച്ചിൽ ബൗളർമാർക്ക് ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചാൽ അവരുടെ അഗ്രസീവ് സമീപനം തിരിച്ചടിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആദ്യ മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യ ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കും. ഇംഗ്ലണ്ട് ഒരുപാട് റിസ്ക് എടുക്കുന്നുണ്ട്. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് സംഭവിച്ചത് അവർക്കും സംഭവിക്കുമെന്ന് എനിക്ക് ഭയമുണ്ട്. ഇങ്ങനെ തുടർന്നാൽ അവർ 100 റൺസിൽ പുറത്താവുമെന്ന് ഞാൻ പ്രവചിക്കുന്നു.

പിച്ചിൽ ബൗളർമാർക്ക് ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചാൽ അവരുടെ അഗ്രസീവ് സമീപനം ഇംഗ്ലണ്ടിന് തിരിച്ചടിയാവും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ വിജയത്തിനോട് അടുത്ത് എത്തിയിരുന്നു. പന്ത് സ്വിങ് ചെയ്താൽ ഹെഡിങ്‌ലീയിലേത് പോലെ ആക്രമണാത്മകമായ ഷോട്ടുകൾ കളിക്കാൻ ഇംഗ്ലണ്ടിന് കഴിയില്ല,’ ചൗധരി പറഞ്ഞു.

Content Highlight: Ind vs Eng: Anil Chaudhary predicts that England can get all out for 100 runs if they continue aggressive style of play