പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.
ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് സെഞ്ച്വറികളാണ് അടിച്ചു കൂട്ടിയത്. യശസ്വി ജെയ്സ്വാൾ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത് എന്നിവരാണ് ആദ്യ ഇന്നിങ്സിൽ ശതകം തികച്ചത്. രണ്ടാം ഇന്നിങ്സിൽ പന്ത് രണ്ടാമതും മൂന്നക്കം കണ്ടെത്തിയപ്പോൾ കെ.എൽ. രാഹുൽ സെഞ്ച്വറി തികച്ചു.

ഇപ്പോൾ ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മികച്ച സെഞ്ച്വറികൾ പന്തും രാഹുലും രണ്ടാം ഇന്നിങ്സിൽ നേടിയതാണെന്ന് പറയുകയാണ് ഇന്ത്യൻ താരം അജിൻക്യ രഹാനെ. എന്നാൽ തനിക്ക് ഈ മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഇംഗ്ലണ്ടിൽ ഓപ്പണിങ് കൂട്ടുകെട്ട് വളരെ പ്രധാനമാണെന്നും താരം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അജിൻക്യ രഹാനെ.



