റൺവേട്ടക്കാരിൽ മുന്നിൽ ഇംഗ്ലണ്ട് താരമായിരിക്കും, പക്ഷേ കൂടുതൽ വിക്കറ്റെടുക്കുക ഈ ഇന്ത്യൻ താരങ്ങളിൽ ഒരാൾ; പ്രവചനവുമായി ചോപ്ര
Sports News
റൺവേട്ടക്കാരിൽ മുന്നിൽ ഇംഗ്ലണ്ട് താരമായിരിക്കും, പക്ഷേ കൂടുതൽ വിക്കറ്റെടുക്കുക ഈ ഇന്ത്യൻ താരങ്ങളിൽ ഒരാൾ; പ്രവചനവുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th June 2025, 1:54 pm

ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഒരു നാൾ കൂടി മാത്രമാണുള്ളത്. നാളെ (ജൂൺ 20) ലീഡ്‌സിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ളത്. 18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം.

സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക. ക്യാപ്റ്റൻസി റോളുകളിലും ഇന്ത്യൻ കുപ്പായത്തിൽ എത്തുന്നത് താരതമ്യേന ഒരു പുതുനിര തന്നെയാണ്.

ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല, വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്.

 

ഇപ്പോൾ ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുന്ന താരത്തെയും റൺസ് നേടുന്ന താരത്തെയും പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുക ജസ്പ്രീത് ബുംറ, പ്രസീദ്ധ് കൃഷ്‌ണ എന്നിവരിൽ ഒരാളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, റൺ വേട്ടക്കാരിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മുന്നിലെത്തുകയെന്നും ബുംറയുടെയും റൂട്ടിന്റെയും പോരാട്ടം വളരെ രസകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുക ഒരു ഇന്ത്യൻ താരമായിരിക്കും. അത് ജസ്പ്രീത് ബുംറയോ പ്രസീദ്ധ് കൃഷ്‌ണയോയായിരിക്കും. പക്ഷേ ഏറ്റവും കൂടുതൽ റൺസെടുക്കുക ജോ റൂട്ടായിരിക്കും. റൂട്ടിന്റെ ഫോം വെച്ച് നോക്കുമ്പോൾ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുക്കുക അവൻ തന്നെയായിരിക്കും. അതുപോലെ, ബുംറയുടെയും റൂട്ടിന്റെയും പോരാട്ടം വളരെ രസകരമായിരിക്കും,’ ചോപ്ര പറഞ്ഞു.

 

 

ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.

Content Highlight: Ind vs Eng: Aakash Chopra predicts that Jasprit Bumrah or Prasidh Krishna will take more wickets while Joe Root score most runs in India – England test series