ഇന്ത്യ എന്തിന് അങ്ങനെ ചെയ്തു? അക്കാര്യം ഇംഗ്ലണ്ടിന് പരമ്പരയിൽ മുൻ‌തൂക്കം നൽകുന്നു; വിമർശനവുമായി ആകാശ് ചോപ്ര
Sports News
ഇന്ത്യ എന്തിന് അങ്ങനെ ചെയ്തു? അക്കാര്യം ഇംഗ്ലണ്ടിന് പരമ്പരയിൽ മുൻ‌തൂക്കം നൽകുന്നു; വിമർശനവുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th June 2025, 12:57 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് ടീം മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ത്രീ ലയൺസ് ലീഡ് നേടിയത്.

ജൂണ്‍ രണ്ടിനാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. എന്നാൽ ഈ മത്സരത്തിൽ ബുംറ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. താരത്തിന്റെ വര്‍ക്ക്‌ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരത്തിന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിനായും ജോലി ഭാരം ലഘൂകരിക്കുന്നതിനായും ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംറ കളത്തിലിറങ്ങുക എന്ന് നേരത്തെ തന്നെ കോച്ച് ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബുംറ മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിക്കുകയെന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമെന്തായിരുന്നുവെന്നും എന്തുകൊണ്ട് അത് രഹസ്യമാക്കി വെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

നിങ്ങളുടെ ഏറ്റവും മികച്ച ബൗളർ മൂന്ന് മത്സരങ്ങൾ മാത്രം കളിക്കുകയുള്ളൂവെന്ന് പറയുമ്പോൾ എതിർ ടീമിന് തയ്യാറെടുക്കാൻ സമയം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് ആകാശ് ചോപ്ര വിമർശനം ഉന്നയിച്ചത്.

‘ബുംറ മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിക്കുകയെന്നാണ് അവർ പറയുന്നത്. അത് പരസ്യപ്പെടുത്തേണ്ട ആവശ്യമെന്തായിരുന്നു? എന്തുകൊണ്ട് അത് രഹസ്യമാക്കി വെച്ചില്ല? നമ്മൾ ടീമിനെ നേരത്തെ പ്രഖ്യാപിക്കാറില്ല. പിന്നെ എന്തിനാണ് പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ അവൻ മൂന്ന് മത്സരങ്ങളിൽ മാത്രമേ ഉണ്ടാകൂവെന്ന് തുടർച്ചയായി പറയുന്നത്.

ബുംറ എപ്പോൾ കളിക്കുമെന്ന കാര്യത്തിൽ എതിർ ടീമിനെ സംശയത്തിൽ നിർത്തണമായിരുന്നു. നിങ്ങളുടെ ഏറ്റവും മികച്ച ബൗളർ മൂന്ന് മത്സരങ്ങൾ മാത്രം കളിക്കുകയുള്ളൂവെന്ന് പറയുമ്പോൾ, അവർക്ക് അതിനായി തയ്യാറെടുക്കാൻ കഴിയും. അത് അവർക്ക് പരമ്പരയിൽ മുൻതൂക്കം നൽകുന്നു,’ ചോപ്ര പറഞ്ഞു.

Content Highlight: Ind vs Eng: Aakash Chopra criticizing Indian Team for revealing Jasprit Bumrah will not feature all tests against England