ടെസ്റ്റ് കരിയറില്‍ 15ാം ഫൈഫറാണ് ബുംറ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. ഇതോടെ ലോര്‍ഡ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും ബുംറ ഇടം നേടി.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.
സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരുത്തിലാണ് ഇന്ത്യ ത്രീ ലയണ്‍സിനെ പിടിച്ചുകെട്ടിയത്. ഇംഗ്ലണ്ടിന്റെ ഭാവി ഇതിഹാസം ജോ റൂട്ടിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്.
251/4 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.
മത്സരത്തിന്റെ ആദ്യ ദിവസം ഹാരി ബ്രൂക്കിനെ മടക്കിയ സൂപ്പര്‍ പേസര്‍ രണ്ടാം ദിവസം ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയും പുറത്താക്കി. ടെസ്റ്റ് കരിയറില്‍ 15ാം ഫൈഫറാണ് ബുംറ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. ഇതോടെ ലോര്‍ഡ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും ബുംറ ഇടം നേടി.
ഇതിനൊപ്പം മറ്റൊരു റെക്കോഡും ഇന്ത്യന്‍ പേസര്‍ സ്വന്തമാക്കിയിരുന്നു. എവേ ടെസ്റ്റുകളില്‍ ഏറ്റവുമധികം ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇതിഹാസ താരം കപില്‍ ദേവിനെ മറികടന്നുകൊണ്ടാണ് ബുംറ ചരിത്രം കുറിച്ചത്.
ലോര്‍ഡ്‌സിലെ ഫൈഫറിന് പിന്നാലെ മറ്റൊരു പട്ടികയിലും ബുംറ കപിലിനെ മറികടന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കപില്‍ ദേവിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയാണ് ബുംറ റെക്കോഡിട്ടത്.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഇഷാന്ത് ശര്‍മ – 51
ജസ്പ്രീത് ബുംറ – 47*
കപില്‍ ദേവ് – 43
മുഹമ്മദ് ഷമി – 42
Jasprit Bumrah makes it to the Lord’s Honours Board for the first time 🙌
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 199 പന്ത് നേരിട്ട താരം 104 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ 67ാം 50+ സ്‌കോറും 37ാം സെഞ്ച്വറിയുമാണിത്.
അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്‌സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്‌സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്‌സ് ടോട്ടലില്‍ നിര്‍ണായകമായി.
ഇന്ത്യയ്ക്കായി ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.
Content Highlight: IND vs ENG: 3rd Test: Jasprit Bumrah surpassed Kapil Dev in an unique record