| Thursday, 25th September 2025, 4:36 pm

നിങ്ങള്‍ പറഞ്ഞ അതേ ബൗളറെ ഓവറില്‍ അഞ്ച് സിക്‌സറിന് പറത്തിയവനാണ്; സഞ്ജുവിനോട് മാത്രം അവഗണനയോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ ഫോറിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ ഡീമോട്ട് ചെയ്തതില്‍ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഓപ്പണിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ പൊസിഷന്‍ തട്ടിയകറ്റി മധ്യനിരയിലേക്കിറക്കിയ ഇന്ത്യ, എട്ടാം നമ്പറിലേക്കാണ് ബംഗ്ലാദേശിനെതിരെ താരത്തെ കരുതിവെച്ചത്. മത്സരത്തില്‍ ബാറ്റ് തൊടാനും അനുവദിച്ചില്ല.

സഞ്ജുവിന് പകരം ബാറ്റിങ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്ത ഓരോരുത്തരും ഒന്നുപോലെ പരാജയപ്പടുകയായിരുന്നു. ടോപ്പ് ഓര്‍ഡറില്‍, ഐ.പി.എല്ലിലടക്കം സഞ്ജു തിളങ്ങിയ മൂന്നാം നമ്പറില്‍ ശിവം ദുബെയെയാണ് ഇന്ത്യ കളത്തിലിറക്കിയത്. മൂന്ന് പന്ത് നേരിട്ട താരം രണ്ട് റണ്‍സിന് പുറത്തായി.

ഇപ്പോള്‍ എന്തുകൊണ്ട് ദുബെയെ മൂന്നാം നമ്പറിലിറക്കി എന്ന് വിശദീകരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ബംഗ്ലാദേശിന്റെ ബൗളിങ് നിരയെ കണക്കിലെടുത്തുള്ള തീരുമാനമാണെന്നായിരുന്നായിരുന്നു സൂര്യയുടെ വിശദീകരണം.

‘അവരുടെ ബൗളിങ് ലൈനപ്പ് പരിശോധിക്കുമ്പോള്‍, ഒരു ഇടംകയ്യന്‍ സ്പിന്നറും ലെഗ് സ്പിന്നറും അവരുടെ ടീമിലുണ്ടായിരുന്നു. ഏഴ് മുതല്‍ 15 വരെയുള്ള ഓവറുകള്‍ കളിക്കാന്‍ ശിവം ദുബെ ആണ് ഏറ്റവും മികച്ച ചോയ്‌സ് എന്നാണ് ഞങ്ങള്‍ കരുതിയത്.

ഇന്ന് ആ പരീക്ഷണം വര്‍ക്കായില്ല. ഇനി മുമ്പോട്ട് പോകുമ്പോള്‍, ഞങ്ങള്‍ക്ക് വീണ്ടും അവസരം ലഭിച്ചാല്‍, വീണ്ടും ഇത് പരീക്ഷിക്കും,’ സൂര്യ പറഞ്ഞു.

റിഷാദ് ഹൊസൈന്‍

റിഷാദ് ഹൊസൈനാണ് സൂര്യ പറഞ്ഞ ബംഗ്ലാദേശ് നിരയിലെ ലെഗ് സ്പിന്നര്‍. മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ താരം 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. സഞ്ജുവിന് പകരം ഓപ്പണറുടെ റോളിലെത്തിയ ശുഭ്മന്‍ ഗില്ലിനെയും ശിവം ദുബെയുമാണ് ഹൊസൈന്‍ മടക്കിയത്.

എന്നാല്‍ ഇതേ റിഷാദ് ഹൊസൈനെതിരെ അസാമാന്യ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ സൂര്യ മറന്നു പോയി എന്ന് തന്നെ കരുതേണ്ടി വരും. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇതേ റിഷാദ് ഹൊസൈനെതിരെ തന്നെയായിരുന്നു സഞ്ജു ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയത്.

മറുവശത്ത് ഇതേ സൂര്യയെ സാക്ഷിയാക്കി തന്നെയായിരുന്നു സഞ്ജു സെഞ്ച്വറി നേടിയതും. സ്പിന്നിനെതിരെ സഞ്ജു എത്രത്തോളം മികച്ച രീതിയില്‍ ബാറ്റ് വീശും എന്നത് എതിരാളികള്‍ക്ക് മനസിലായിട്ടും ബി.സി.സി.ഐക്ക് ഇനിയും മനസിലായിട്ടില്ല എന്ന് തന്നെയാണ് ഇന്ത്യ – ബംഗ്ലാദേശ് മത്സരം അടിവരയിടുന്നത്.

Content highlight: IND vs BAN: Suryakumar Yadav about Bangladesh’s bowling line up and Shivam Dube

We use cookies to give you the best possible experience. Learn more