താണ്ഡവം തുടര്‍ന്ന് അഭിഷേക്; ജയസൂര്യയെയും രോഹിത്തിനെയും വെട്ടി തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം
Asia Cup
താണ്ഡവം തുടര്‍ന്ന് അഭിഷേക്; ജയസൂര്യയെയും രോഹിത്തിനെയും വെട്ടി തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th September 2025, 7:09 am

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ സംഘം അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. 41 റണ്‍സിന്റെ വിജയമാണ് മെന്‍ ഇന്‍ ബ്ലൂ സ്വന്തമാക്കിയത്. അതോടെ സൂര്യയും സംഘവും ടൂര്‍ണമെന്റ് ഫൈനലിലേക്ക് മുന്നേറി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 127 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ ബാറ്റിങ്ങിന്റെയും കുല്‍ദീപ് യാദവിന്റെ ബൗളിങ്ങിന്റെയും മികവിലാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ പതിവ് പോലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് അഭിഷേക് തന്നെയാണ്. താരം 37 പന്തുകള്‍ നേരിട്ട് 75 റണ്‍സാണ് നേടിയത്. 202.70 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം 11 പന്തുകളാണ് അതിര്‍ത്തി കടത്തിയത്. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ബംഗ്ലാദേശിനെതിരെയായ വെടിക്കെട്ട് പ്രകടനത്തോടെ അഭിഷേക് ഒരു സൂപ്പര്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന റെക്കോഡാണ് അഭിഷേക് സ്വന്തം പേരില്‍ ചാര്‍ത്തിയത്. സനത് ജയസൂര്യയെയും രോഹിത് ശര്‍മയെയും മറികടന്നാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം കൈവരിച്ചത്.

ഏഷ്യാ കപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ബാറ്റര്‍മാര്‍

(എണ്ണം – ബാറ്റര്‍ – ടീം – ഫോര്‍മാറ്റ് – വര്‍ഷം എന്നീ ക്രമത്തിൽ)

17 – അഭിഷേക് ശര്‍മ – ഇന്ത്യ – ടി – 20 – 2025*

14 – സനത് ജയസൂര്യ – ശ്രീലങ്ക – ഒ.ഡി.ഐ – 2008

13 – രോഹിത് ശര്‍മ – ഇന്ത്യ – ഒ.ഡി.ഐ – 2018

12 – ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – ഒ.ഡി.ഐ – 2010

12 – റഹ്‌മാനുള്ളാഹ് ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – ടി – 20 – 2022

അഭിഷേകിന് പുറമെ, ഇന്ത്യന്‍ ബാറ്റിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യയും ശുഭ്മന്‍ ഗില്ലും ഭേദപ്പെട്ട പ്രകടനം നടത്തി. ഹര്‍ദിക് 29 പന്തില്‍ 38 റണ്‍സും ഗില്‍ 19 പന്തില്‍ 29 റണ്‍സും സ്വന്തമാക്കി.

ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ ഈ പ്രകടനം. ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അക്സര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Ind vs Ban: Abhishek Sharma tops the list of most sixes by a batter in a single edition of Asia Cup surpassing Sanath Jayasurya and Rohit Sharma