ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടുകയാണ്. നവി മുംബൈയാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പരിക്കേറ്റ പ്രതീക റാവലിന് പകരക്കാരിയായാണ് ഷെഫാലി ടീമിന്റെ ഭാഗമായത്.
നേരത്തെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഷെഫാലി വര്‍മക്ക് ടീമില്‍ ഇടമുണ്ടായിരുന്നില്ല. ഇതില്‍ ആരാധകര്‍ ഏറെ നിരാശരുമായിരുന്നു. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ ഇന്ത്യ ഷെഫാലിയെ തിരികെ വിളിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി 29 ഏകദിനങ്ങളില്‍ കളത്തിലിറങ്ങിയ താരം 23.00 ശരാശരിയില്‍ 644 റണ്‍സ് നേടിയിട്ടുണ്ട്.
തന്റേതായ ദിവസത്തില്‍ ഏതൊരു ലോകോത്തര ബൗളറേയും അടിച്ചൊതുക്കാന്‍ കെല്‍പ്പുള്ള താരമാണ് ഷെഫാലി. എന്നാല്‍ സ്ഥിരതയില്ലാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്. 2024 ഒക്ടോബര്‍ 24നാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ അവസാനമായി അന്താരാഷ്ട്ര ഏകദിനം കളിച്ചത്.
എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സോഫി ഡിവൈനും സൂസി ബേറ്റ്സും അമേലിയ കെറും അടക്കമുള്ളവര്‍ അണിനിരന്ന ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയ ഇന്ത്യ എ ടീമിന്റെ ടോപ് സ്‌കോററായിരുന്നു ഷെഫാലി.
49 പന്തില്‍ 70 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. 11 ഫോറും ഒരു സിക്സറും അടക്കം 142.85 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഷെഫാലിയുടെ സ്റ്റാറ്റ്‌സ് അത്രകണ്ട് മികച്ചതല്ല. അഞ്ച് മത്സരത്തില്‍ നിന്നും 19.8 ശരാശരിയില്‍ 99 റണ്‍സ് മാത്രമാണ് നേടിയത്. 8, 22, 56, 12, 1 എന്നിങ്ങനെയാണ് കങ്കാരുക്കള്‍ക്കെതിരെ ഷെഫാലിയുടെ പ്രകടനം.
അതേസമയം, സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ആദ്യ ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടപ്പെടാതെ മൂന്ന് റണ്‍സാണ് മഞ്ഞപ്പട നേടിയത്.