ഹര്‍മന്‍ 171*! ഓസ്‌ട്രേലിയ ഒരിക്കലും മറക്കാത്ത സെമിയുടെ എട്ടാം വര്‍ഷം വീണ്ടും അതേ സെമി
ICC Women's World Cup
ഹര്‍മന്‍ 171*! ഓസ്‌ട്രേലിയ ഒരിക്കലും മറക്കാത്ത സെമിയുടെ എട്ടാം വര്‍ഷം വീണ്ടും അതേ സെമി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th October 2025, 11:24 am

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിന് ഇന്ത്യയിറങ്ങുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയാണ് വേദി.

ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനലിനിറങ്ങുമ്പോള്‍ എട്ട് വര്‍ഷം മുമ്പ് 2017 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടമാകും ഓസ്‌ട്രേലിയയുടെ മനസിലുണ്ടാവുക. ഡെര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന് ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. വനിതാ ലോകകപ്പില്‍ ഇന്ത്യ നോക്ക്ഔട്ടില്‍ പരാജയപ്പെടുത്തിയ ഏക മത്സരവും ഇത് തന്നെയായിരുന്നു.

അന്ന് സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 115 പന്ത് നേരിട്ട കൗര്‍ പുറത്താകാതെ 171 റണ്‍സാണ് നേടിയത്.

കളിയിലെ താരം

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ഓവറില്‍ സ്മൃതി മന്ഥാനയെയും 14 റണ്‍സിന് പൂനം റാവത്തിനെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.

വണ്‍ ഡൗണായിറിങ്ങിയ മിതാലിയും നാലാം നമ്പറിലിറങ്ങിയ ഹര്‍മനും ചേര്‍ന്ന് ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ ക്യാപ്റ്റനെ പുറത്താക്കി ക്രിസ്റ്റന്‍ ബീംസ് കൂട്ടുകെട്ട് പൊളിച്ചു. 61 പന്ത് നേരിട്ട മിതാലി 36 റണ്‍സിനാണ് മടങ്ങിയത്.

പിന്നാലെയെത്തിയ ദീപ്തി ശര്‍മയെ ഒരറ്റത്ത് നിര്‍ത്തി ഹര്‍മന്‍ തന്റെ വെടിക്കെട്ട് തുടര്‍ന്നു. നാലാം വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയപര്‍ത്തിയത്. ഇതില്‍ ദീപ്തിയുടെ സംഭവാനയാകട്ടെ 35 പന്തില്‍ 25 റണ്‍സും.

39ാം ഓവറില്‍ ദീപ്തി ശര്‍മ മടങ്ങിയെങ്കിലും വേദ കൃഷ്ണമൂര്‍ത്തിയെ കൂട്ടുപിടിച്ച് ഹര്‍മന്‍ 50 ഓവറും ബാറ്റ് ചെയ്തു.

20 ഫോറും അഞ്ച് സിക്‌സറും അടക്കം 148.70 സ്‌ട്രൈക്ക് റേറ്റിലാണ് ഹര്‍മന്‍ പുറത്താകാതെ 171 റണ്‍സ് അടിച്ചെടുത്തത്. കൃഷ്ണമൂര്‍ത്തി 10 പന്തില്‍ 16 റണ്‍സും നേടി.

ഐ.സി.സി വനിതാ ലോകകപ്പ് നോക്ക്ഔട്ട് മാച്ചിലെ ഏറ്റവുമുയര്‍ന്ന വ്യക്തഗത സ്‌കോറിന്റെ റെക്കോഡ് സ്വന്തമാക്കിയാണ് ഹര്‍മന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇന്നും ആ റെക്കോഡ് തകരാതെ തുടരുകയാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനും തുടക്കം പാളി. ബെത് മൂണി ഒരു റണ്‍സിനും ക്യാപ്റ്റന്‍ മെഗ് ലാന്നിങ് പൂജ്യത്തിനും മടങ്ങി. പിന്നാലെയെത്തിയ എലിസ് വിലാനിയുടെയും (58 പന്തില്‍ 75), അലക്‌സ് ബ്ലാക്ക്‌വെല്ലിന്റെയും (56 പന്തില്‍ 90) കരുത്തില്‍ പൊരുതിയെങ്കിലും വിജയത്തിന് 36 റണ്‍സകലെ വീണു. ഓസീസ് നിരയില്‍ ആറ് താരങ്ങള്‍ ഇരട്ടയക്കം കാണാതെ മടങ്ങി.

അലക്‌സ് ബ്ലാക്ക്‌വെല്‍

 

ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും ശിഖ പാണ്ഡേ, ജുലന്‍ ഗോസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പൂനം യാദവ്, രാജേശ്വരി ഗെയ്ക്വാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

2017ല്‍ ഓസീസ് ബൗളര്‍മാരെ നിഷ്‌കരുണം പ്രഹരിച്ച ഹര്‍മന്‍ ഇന്ന് ക്യാപ്റ്റനായി ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ഇന്ന് നവി മുംബൈയിലും അതേ പ്രകടനം പുറത്തെടുക്കുകയും, ഫൈനലിലില്‍ പരാജയപ്പെട്ട് അന്ന് നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കുകയും ചെയ്യുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: IND vs AUS: India defeated Australia in the 2017 World Cup semi-final.