രോഹിത്തും തൂക്കിയൊരു സെഞ്ച്വറി; മറ്റാർക്കുമില്ലാതെ നേട്ടത്തിൽ ഹിറ്റ്മാൻ
Cricket
രോഹിത്തും തൂക്കിയൊരു സെഞ്ച്വറി; മറ്റാർക്കുമില്ലാതെ നേട്ടത്തിൽ ഹിറ്റ്മാൻ
ഫസീഹ പി.സി.
Saturday, 20th June 2026, 9:27 pm

ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയർ വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഇന്ത്യ പരമ്പര തൂത്തുവാരി.

മത്സരത്തിൽ രോഹിത് ശർമ മിന്നും പ്രകടനമാണ് നടത്തിയത്. ഓപ്പണറായി ഇറങ്ങിയ താരം 69 പന്തിൽ 79 റൺസെടുത്തിരുന്നു. മൂന്ന് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ഒരു സൂപ്പർ നേട്ടവും രോഹിത് സ്വന്തമാക്കി. വിജയങ്ങളിൽ ഏറ്റവും കൂടുതൽ 50+ റൺസ് നേടുന്ന ആദ്യ ഓപ്പണർ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. വിജയിച്ച 100 മത്സരങ്ങളിലാണ് ഇന്ത്യൻ ഓപ്പണർ 50 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടുള്ളത്.

ഇങ്ങനെ വിജയിച്ച മത്സരങ്ങളിൽ 100 തവണ 50+ റൺസ് നേടിയ ഏക ഓപ്പണറും രോഹിത് തന്നെയാണ്. ഈ ലിസ്റ്റിൽ രണ്ടാമതുള്ള മുൻ ഓസീസ് താരം ഡേവിഡ് വാർണരാണ്. താരം 95 വിജയങ്ങളിലാണ് 50 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടുള്ളത്.

വിജയത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടിയ ഓപ്പണർമാർ

(താരം – ടീം – എണ്ണം എന്നീ ക്രമത്തിൽ)

രോഹിത് ശർമ – ഇന്ത്യ – 100

ഡേവിഡ് വാർണർ – ഓസ്ട്രേലിയ – 95

സനത് ജയസൂര്യ – ശ്രീലങ്ക – 87

ഡെസ്മണ്ട് ഹെയ്ൻസ് – വെസ്റ്റ് ഇൻഡീസ് – 86

ഗ്രെയാം സ്മിത്ത് – സൗത്ത് ആഫ്രിക്ക – 85

സച്ചിൻ ടെൻഡുൽക്കർ – ഇന്ത്യ – 78

മാത്യു ഹെയ്ഡൻ – ഓസ്ട്രേലിയ – 78

അതേസമയം, മത്സരത്തിൽ യശസ്വി ജെയ്‌സ്വാൾ സെഞ്ച്വറി നേടി. 86 പന്തിൽ പുറത്താവാതെ 110 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇവർക്കൊപ്പം ശ്രേയസ് അയ്യർ 19 പന്തിൽ പുറത്താവാതെ 20 റൺസും നേടി. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി ഒരു വിക്കറ്റ് വീഴ്ത്തി.

അഫ്ഗാൻ നിരയിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി സെഞ്ച്വറി നേടി. 131 പന്തിൽ 102 റൺസാണ് താരം അടിച്ചത്. 56 പന്തിൽ 50 റൺസെടുത്ത് അസ്മത്തുള്ള ഒമർസായിയും തിളങ്ങി.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. പ്രിൻസ് യാദവ്, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതമെടുത്തു.

Content Highlight: Ind vs Afg: Rohit Sharma became first opener to 100, 50+runs in wins

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.