ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 170 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ആതിഥേയര്‍ ഒരു മത്സരം ബാക്കി നില്‍ക്കെ പരമ്പര സ്വന്തമാക്കി.
മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മിന്നും പ്രകടനമാണ് നടത്തിയത്. 79 പന്തില്‍ 125 റണ്‍സാണ് നാലാമനായി എത്തിയ താരത്തിന്റെ സമ്പാദ്യം. ഏഴ് പന്തില്‍ 14 ഫോറുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 158.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇഷാൻ കിഷൻ. Photo: BCCI/x.com
അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയോടെ ഒരു സൂപ്പര്‍ നേട്ടവും ഇഷാന്‍ തന്റെ പേരില്‍ കുറിച്ചു. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
മത്സരത്തില്‍ വെറും 71 പന്തുകള്‍ നേരിട്ടാണ് ഇഷാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തില്‍ കെ.എല്‍. രാഹുലാണ് ഒന്നാമത്. 2023ല്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ രാഹുല്‍ 62 പന്തുകള്‍ നേരിട്ട് സെഞ്ച്വറി അടിച്ചിരുന്നു. ഇതാണ് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി.
അതേസമയം, മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി. 110 പന്തില്‍ നിന്ന് 154 റണ്‍സാണ് ക്യാപ്റ്റന്റെ സ്‌കോര്‍. രോഹിത് ശര്‍മ 39 പന്തില്‍ 48 റണ്‍സ് സംഭാവന ചെയ്തു.
ശുഭ്മൻ ഗിൽ. Photo: BCCI/x.com
അഫ്ഗാനിസ്ഥാന് വേണ്ടി നങ്കേയാലിയ ഖരോട്ടെ നാല് വിക്കറ്റുകളെടുത്തപ്പോള്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. അല്ലാഹ് ഗസന്‍ഫറും മുഹമ്മദ് സലീമും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
ബാറ്റിങ്ങില്‍ അഫ്ഗാന്‍ നിരയില്‍ 89 പന്തില്‍ 79 റണ്‍സെടുത്ത റഹ്‌മത് ഷായാണ് തിളങ്ങിയത്. ഒപ്പം സെയ്ദിഖുള്ള അടല്‍ (50 പന്തില്‍ 42), റഹ്‌മാനുള്ളാഹ് ഗുര്‍ബാസ് (33 പന്തില്‍ 41) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഗുര്‍നൂര്‍ ബ്രാറും മൂന്ന് വിക്കറ്റുകളും പ്രിന്‍സ് യാദവ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.
Content Highlight: Ind vs Afg: Ishan Kishan became second fastest Indian wicket keeper to register ODI century