റണ്‍വേട്ടയിലും ക്യാച്ചിലുമല്ല; ഗാംഗുലിയെ വെട്ടി കിങ് കോഹ്‌ലി
Cricket
റണ്‍വേട്ടയിലും ക്യാച്ചിലുമല്ല; ഗാംഗുലിയെ വെട്ടി കിങ് കോഹ്‌ലി
ഫസീഹ പി.സി.
Sunday, 11th January 2026, 3:42 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ഏകദിനം വഡോദരയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡ് മികച്ച നിലയിലാണ്. 25 ഓവറുകള്‍ പിന്നിടുമ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എടുത്തിട്ടുണ്ട്.

ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ മത്സരത്തിന് ഇറങ്ങിയതോടെ തന്നെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച താരങ്ങളില്‍ അഞ്ചാമത്തെ താരമാകാനാണ് മുന്‍ നായകന് സാധിച്ചത്.

Photo: The Cricket Panda/x.com

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഈ മത്സരം കോഹ്‌ലിയുടെ 309ാം ഏകദിനമാണ്. താരം സൗരവ് ഗാംഗുലിയെ മറികടന്നാണ് അഞ്ചാം സ്ഥാനത്ത് എത്തിയത്. ഗാംഗുലി 308 മത്സരങ്ങളിലാണ് ഇന്ത്യക്കായി 50 ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത്.

ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍, എണ്ണം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 463

എം.എസ്. ധോണി – 347

രാഹുല്‍ ദ്രാവിഡ് – 340

എം. അസ്ഹറുദ്ദീന്‍ – 334

വിരാട് കോഹ്‌ലി – 309*

സൗരവ് ഗാംഗുലി – 308

ഡെവോൺ കോൺവേയും ഹെൻറി നിക്കോൾസും. Photo: x.com

അതേസമയം, ന്യൂസിലാന്‍ഡിനായി വില്‍ യങ്ങും ഡാരല്‍ മിച്ചലുമാണ് ക്രീസിലുള്ളത്. യങ് 12 പന്തില്‍ ഒമ്പത് റണ്‍സും മിച്ചല്‍ ഏഴ് പന്തില്‍ ഒമ്പത് റണ്‍സും നേടിയാണ് ബാറ്റിങ് തുടരുന്നത്.

ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അര്‍ധ സെഞ്ച്വറിയും സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തിയുമായിരുന്നു ഇരുവരുടെയും മടക്കം. നിക്കോള്‍സ് 69 പന്തില്‍ 62 റണ്‍സും കോണ്‍വേ 67 പന്തില്‍ 56 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ഹര്‍ഷിത് റാണയാണ്.

Content Highlight: Ind vs NZ: Virat Kohli surpass Sourav Ganguly to became fifth player with most appearance for India in ODI

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി