'ഇന്‍ഡ് ആപ്പ് ' നാളെ പുറത്തിറക്കും
DOOL PLUS
'ഇന്‍ഡ് ആപ്പ് ' നാളെ പുറത്തിറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2025, 10:56 pm

കൊച്ചി: ഇന്ത്യന്‍ സംരഭകരെയും ഉല്‍പ്പന്നങ്ങളെയും ആഗോള വിപണിയില്‍ അവതരിപ്പിച്ച് വ്യവസായവും വരുമാനവും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍.ഐ.ആര്‍.ഡി.സി) വികസിപ്പിച്ച ‘ഇന്‍ഡ് ആപ്പ് ‘ നാളെ (26.11.2025) വൈകിട്ട് അഞ്ചിന് ന്യൂഡല്‍ഹി ടാജ് പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര എം.എസ്.എം.ഇ കാബിനറ്റ് മന്ത്രി ജിതന്‍ റാം മാഞ്ചി ലോഞ്ച് ചെയ്യും.

കേന്ദ്രമന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വ്യവസായ രംഗത്തെ പുതിയ അവസരങ്ങള്‍, മാര്‍ക്കറ്റ് ട്രെന്റുകള്‍, കയറ്റുമതി പ്രോല്‍സാഹന പദ്ധതികള്‍, ധനസഹായ സബ്സിഡികള്‍, ടെക്നോളജി അപ്ഗ്രഡേഷന്‍ എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ സംരംഭകര്‍ക്ക് ഏറ്റവും വേഗത്തില്‍ യഥാസമയം ലഭ്യമാക്കുകയെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യമെന്ന് എന്‍.ഐ.ആര്‍.ഡി.സി നാഷണല്‍ ചെയര്‍മാന്‍ ശംഭു സിങ് ഐ.എ.എസ് (റിട്ട) കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്റ്റാര്‍ട്ട് അപ്പ് സംരംഭം മുതല്‍ വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വരെ പ്രയോജനകരവും എകീകൃതവുമായ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആയി ഇന്‍ഡ് ആപ്പ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ലോജിസ്റ്റിക് ഇന്റഗ്രേഷന്‍, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ പേമെന്റ്സ് സംവിധാനങ്ങള്‍, വില നിര്‍ണായകം അടക്കമുള്ളവയ്ക്കുള്ള എ.ഐ അധിഷ്ഠിതമായ സഹായങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തന്ത്രങ്ങള്‍ക്കാണ് ഇന്‍ഡ് ആപ്പ് രൂപം നല്‍കിയിരിക്കുന്നതെന്ന് നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ. ലളിത് വര്‍മ ഐ.എ.എസ് (റിട്ട) പറഞ്ഞു.

ഉല്‍പ്പാദകരെയും വാങ്ങുന്നവരെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബിടുബി പ്ലാറ്റ് ഫോം ശക്തിപ്പെടുത്തി കയറ്റുമതി വളര്‍ച്ച ശക്തിപ്പെടുത്തുകയെന്നതും ഇന്‍ഡ് ആപ്പ് ലക്ഷ്യം വെയ്ക്കുന്നു.

പുതിയതായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിലവിലെ വ്യാപാരം വിപുലീകരിക്കാനും ഇന്‍ഡ് ആപ്പ് സഹായകരമാണെന്ന് നാഷണല്‍ അഡ്മിനിസ്ട്രേറ്റര്‍ സുബീഷ് പി. വാസുദേവ് പറഞ്ഞു.

എം.എസ്.എം.ഇ മന്ത്രാലയത്തിന് പുറമെ ഫുഡ് പ്രോസസ്സിംഗ് മന്ത്രാലയം, കൃഷി മന്ത്രാലയം, ഫിഷറീസ്, കന്നുകാലി ഡയറി വകുപ്പ്, വാണിജ്യ വ്യവസായ മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥ മാറ്റ മന്ത്രാലയം, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, റിന്യൂവബള്‍ എനര്‍ജി മന്ത്രാലയം എന്നിവയുടെ പദ്ധതികളും അനുമതികളും ആപ്പിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്റ് എസ്റ്റാബ്ലീഷ്മെന്റ് ഡയറക്ടര്‍ ഡോ. കെ.വി. പ്രദീപ് കുമാര്‍, റീജണല്‍ ചെയര്‍മാന്‍ (സൗത്ത്) വെമ്പള്ളി അമാനുള്ള, ട്രേഡ് ഡയറക്ടര്‍ കെ. മനോജ് എന്നിവരും പങ്കെടുത്തു.

Content Highlight: ‘Ind App’ to be released tomorrow 26/11/2025