നഗരങ്ങളിൽ ചെന്ന് ഫുട്ബോൾ കളിക്കാം; കോഴിക്കോട് 24X7 ഫുട്‌ബോള്‍ മൈതാനങ്ങള്‍ വ്യാപകമാകുന്നു
ന്യൂസ് ഡെസ്‌ക്

കോഴിക്കോട് നഗരത്തില്‍ മാത്രം നൂറിലധികം ടര്‍ഫുകളുണ്ട്. ഇത്തരം മൈതാനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ കൂണുപോലെ നഗരത്തിന്റെ ഒഴിഞ്ഞ ഇടങ്ങളില്‍ ടര്‍ഫുകള്‍ ഉയര്‍ന്നു.കോഴിക്കോടിന്റെ കാല്‍പന്തു പാരമ്പര്യവും കളിക്കാന്‍ ഇടങ്ങളില്ലാത്തതും ടര്‍ഫ് ഫുട്‌ബോളിന്റെ വിജയത്തില്‍ പ്രധാന ഘടകമായി. ഫൈവ്‌സ്, സെവന്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുതിനുള്ള സൗകര്യമാണ് ടര്‍ഫുകളില്‍ ഉള്ളത്.

ഫ്‌ളഡ് ലൈറ്റ്, ഗ്യാലറി, കാര്‍പാര്‍ക്കിങ്, ടോയ്‌ലറ്റ് എന്നിവയടക്കം ഒരു മിനി സ്‌റ്റേഡിയത്തിനാവശ്യമായ സൗകര്യം ടര്‍ഫ് മൈതാനങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ആയിരം രൂപ മാത്രമാണ് വാടക. അതുകൊണ്ട് തന്നെ സെവന്‍സ് ടൂര്‍ണമെന്റ്, സ്‌കൂള്‍ പ്രോഗ്രാം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോടിന്റെ ചെറുപ്പം മാത്രമല്ല പഴയകാല ഫുട്‌ബോള്‍ സൗഹൃദങ്ങളും ടര്‍ഫുകളുടെ വരവോടെ വീണ്ടും ഒത്തുകൂടിയിയിണ്ട്.

ALSO READ: മായാവതിയെ അധിക്ഷേപിച്ച സാധനാസിങ്ങിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷംരൂപ പ്രഖ്യാപിച്ച് ബി.എസ്.പി എം.എല്‍.എ വിജയ് യാദവ്

പകല്‍ ജോലിക്ക് പോകണം. വൈകുന്നേരം മാത്രമാണ് കളിക്കാന്‍ സമയമുള്ളത്.  ഗ്രൗണ്ടില്ലാത്ത ബുദ്ധിമുട്ടും ഉണ്ടായിരുന്നു. പക്ഷെ ടര്‍ഫ് മൈതാനങ്ങളുടെ വരവ് ഇത്തരത്തിലുള്ള പ്രതിസന്ധിയെ കുറച്ചുവെന്നാണ് കളിക്കാര്‍ക്ക് പറയാനുള്ളത്.

കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പറയാനുള്ളത് ടര്‍ഫ് മൈതാനങ്ങള്‍ കോഴിക്കോടിനെ പഴയ ഫുട്‌ബോള്‍ ആവേശത്തിലേക്ക് തിരിച്ചുകൊണ്ടുപോയെന്നാണ്. ഇത്തരം ഗ്രൗണ്ടുകളിലൂടെ ഇനിയും കേരളത്തില്‍ നിന്ന് നല്ല കളിക്കാരുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

പഴയ സൗഹൃദങ്ങള്‍ വീണ്ടും ഒരുമിച്ച സന്തോഷമാണ് ചിലര്‍ക്ക് പറയാനുള്ളത്. പണ്ട് കളിച്ച് നടന്ന് പിന്നീട് ജോലിയായപ്പോള്‍ പരസ്പരം കാണാന്‍ കഴിയാത്തതുമായ നിരവധിയാളുകള്‍ ഇത്തരം മൈതാനങ്ങളിലൂടെ വീണ്ടും ഒരുമിച്ചെന്ന് സ്ഥിരമായി കളിക്കാനെത്തുന്നവര്‍ വിലയിരുത്തുന്നു.

അതേ സമയം ടര്‍ഫ് ഫുട്‌ബോളില്‍ നിന്ന് കോര്‍പ്പറേഷന് ഉപകാരമൊന്നുമില്ലെന്നാണ് കൗണ്‍സിര്‍ കിഷന്‍ ചന്ദ്രന്റെ അഭിപ്രായം. ചിലയിടങ്ങളില്‍ നിന്ന് ടര്‍ഫുകള്‍ക്കെതിരെ പരാതി ഉയരുന്നതായും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ALSO READ: സര്‍വ്വം കോഹ്‌ലിമയം; ഐ.സി.സി അവാര്‍ഡ് തൂത്തുവാരി വിരാട് കോഹ്‌ലി

രാത്രി വൈകിയും തുടരുന്ന കളിയാണ് പ്രധാ പ്രശ്‌നം. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന നിരവധി പരാതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ സമയപരിധി രാത്രി പത്തുമണിയില്‍ നിജപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തേത് ഇത്തരം മൈതാനങ്ങളില്‍ നിന്ന്് കോര്‍പ്പറേഷന് വരുമാനം ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് 3 തലങ്ങളിലായി നികുതി ഏര്‍പ്പെടുത്താനും കോര്‍പ്പറേഷന്റെ ആലോചനയില്‍ ഉള്ളതായി കിഷന്‍ വ്യക്തമാക്കി. നിലവിലുള്ള വെല്ലുവിളികളെ മറികടക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. നഗരസഭയുടെ തീരുമാനങ്ങളോട് സഹകരിക്കാന്‍ ടര്‍ഫ് ഉടമകള്‍ തയ്യാറാണ്.