എഡിറ്റര്‍
എഡിറ്റര്‍
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
എഡിറ്റര്‍
Saturday 6th October 2012 3:39pm

ന്യൂദല്‍ഹി: പാചക വാതകത്തിന് വീണ്ടും വില കൂട്ടി. സിലിണ്ടറിന് 11.42 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടിയതാണ് വില വര്‍ധിപ്പിക്കാന്‍ കാരണം.

പെട്രോള്‍ പമ്പ് ഉടമകളുടെ കമ്മീഷന്‍ ഉയര്‍ത്തുന്ന കാര്യവും പെട്രോളിയം മന്ത്രാലയം പരിഗണിക്കുന്നുണ്ട്. അതിനാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയും വര്‍ധിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Ads By Google

നേരത്തെ പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയത് സഖ്യ കക്ഷികളില്‍ നിന്നടക്കം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുന്നതിനിടെയാണ് പാചക വാതക നിരക്ക് കൂട്ടിയത്.

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വര്‍ധിപ്പിച്ച കമ്മീഷന്റെ 44 ശതമാനം (11.42 രൂപ) ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ കമ്മീഷന്‍ 12.17 മുതല്‍ 38 രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്.

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില 883.5 രൂപയില്‍നിന്ന് 921.5 രൂപയായി വര്‍ധിക്കും. പമ്പ് ഉടമകളുടെ കമ്മീഷന്‍ പെട്രോള്‍ ലിറ്ററിന് 23 പൈസ മുതല്‍ 1.72 രൂപ വരെയും ഡീസലിന് 10 പൈസ മുതല്‍ 1.01 രൂപവരെയും വര്‍ധിപ്പിക്കാനാണ് നീക്കം. വൈദ്യുതി ചാര്‍ജ്ജ് അടക്കമുള്ളവ വര്‍ധിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ ഉടന്‍ കൂട്ടണമെന്നാണ് പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം.

കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ കഴിഞ്ഞ മാസം 30 ന് സമരപ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, ഒരാഴ്ചക്കുളളില്‍ പ്രശ്‌നപരിഹാരം ഉണ്ടാവുമെന്ന് പെട്രോളിയം മന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്.

കഴിഞ്ഞയാഴ്ച ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന്റെ വില 789 രൂപയില്‍ നിന്ന് 918.50 രൂപയാക്കിയും വ്യവസായ ആവശ്യത്തിനുളള സിലിണ്ടറിന്റെ വില 1435 രൂപയില്‍ നിന്ന് 1648 രൂപ ആക്കിയും ഉയര്‍ത്തിയിരുന്നു.

Advertisement