മടങ്ങിയ പ്രവാസികളെ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തല്‍; സര്‍ക്കാരിന്റെ പരിഗണനയിലെന്ന് നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി
Kerala News
മടങ്ങിയ പ്രവാസികളെ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തല്‍; സര്‍ക്കാരിന്റെ പരിഗണനയിലെന്ന് നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th November 2025, 9:15 pm

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെ ‘നോര്‍ക്ക കെയര്‍” മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോര്‍ക്ക വിഭാഗം സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ടി.വി. അനുപമ പറഞ്ഞു. ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നിലവില്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഉടന്‍ തന്നെ ഒരു തീരുമാനം പ്രതീക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു,

വിഷയത്തില്‍ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകള്‍ അറിയിക്കുമെന്നും അവര്‍ അറിയിച്ചു.

പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയില്‍ 2025 സെപ്റ്റംബര്‍ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മടങ്ങിയ പ്രവാസികളെയും നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനം എത്രയും വേഗം സര്‍ക്കാറുമായി കൂടിയാലോചിച്ച് നോര്‍ക്ക റൂട്ട്‌സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നോര്‍ക്ക റൂട്‌സ്, മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണയിച്ചിരിക്കുന്നത്.

വിഡാല്‍ ഹെല്‍ത്താണ് മൂന്നാംകക്ഷി അഡ്മിനിസ്‌ട്രേറ്റര്‍. നോര്‍ക്ക ഐ.ഡിയോ സ്റ്റുഡന്റസ് ഐ.ഡിയോ ഉള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സാധിക്കുക. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് കഴിയാത്തതിനാല്‍ പദ്ധതിയുടെ ഭാഗമാകാനും നിലവില്‍ സാധിക്കില്ല.

ഇക്കാരണത്താലാണ് കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും നിലവില്‍ വിദേശത്തുള്ളവര്‍ക്കുള്ള അതേ നിബന്ധനകള്‍, പ്രീമിയം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ചേരാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നിര്‍വഹണ ഏജന്‍സി ആയ നോര്‍ക്ക റൂട്ട്‌സിനോടും കേരള സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് റെസിഡന്റ് ഐ.ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. എന്നാല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ മുന്‍ പ്രവാസികളാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

അതുകൊണ്ട് മടങ്ങിയെത്തിയ പ്രവാസികളും നോര്‍ക്ക കെയറില്‍ ചേരാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും നോര്‍ക്ക റൂട്ട്‌സും ഇന്‍ഷുറന്‍സ് കമ്പനികളുമായി പോളിസി ഷെഡ്യൂള്‍ ഭേദഗതി ചെയ്ത്, ആപ്പിലും പോര്‍ട്ടലിലും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും പി.എല്‍.സി ആവശ്യപ്പെട്ടു.

ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയയതിനാല്‍ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നു. ഇക്കാരണത്താല്‍ നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.

പദ്ധതിയുടെ എന്റോള്‍മെന്റ് വിന്‍ഡോ നവംബര്‍ 30 വരെ നീട്ടിയതിനാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉള്‍പ്പെടുത്തണമെന്നും പി.എല്‍.സി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

നോര്‍ക്ക റൂട്‌സുമായും പ്രവാസി ക്ഷേമനിധി ബോര്‍ഡുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെ സമഗ്രമായി ചര്‍ച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷമുണ്ടാകുമെന്നും സ്പെഷ്യല്‍ സെക്രട്ടറി അറിയിച്ചു.

 

Content Highlight: Inclusion of returned expatriates in NORKA Care Insurance; Government considering it, says NORKA Special Secretary