കോടതിയില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; ദൃശങ്ങള്‍ ചോര്‍ന്നതോടെ സ്വകാര്യത ഹനിക്കപ്പെട്ടു: അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍
actress attack case
കോടതിയില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; ദൃശങ്ങള്‍ ചോര്‍ന്നതോടെ സ്വകാര്യത ഹനിക്കപ്പെട്ടു: അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th February 2022, 10:01 am

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത കത്തില്‍ പറഞ്ഞു.

കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച 12 മണിക്കുള്ളില്‍ കോടതിയില്‍ പറയാനും നിര്‍ദേശമുണ്ട്.

പ്രോസിക്യൂഷന്‍ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലെന്ന് പ്രോസിക്യൂഷന്‍പറഞ്ഞിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വാസ്യതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശാപ വാക്കുകളാണ് പ്രതി ദിലീപ് നടത്തിയതെന്നുമാണ് പ്രധാനമായും പ്രതിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.


Content Highlights: Incident where torture footage was leaked from the court; Survivor in the Supreme Court seeking an inquiry