പൊതുശ്മശാനത്തിലെ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയ സംഭവം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
Kerala News
പൊതുശ്മശാനത്തിലെ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയ സംഭവം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 12:39 pm

പാലക്കാട്: പൊതുശ്മശാനത്തിലെ ഭൂമി എന്‍.എസ്.എസ് കരയോഗത്തിന് ഷെഡ് കെട്ടാന്‍ പതിച്ച് നല്‍കിയ സംഭവത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം.

മറ്റ് സമുദായിക സംഘടനകളും തങ്ങള്‍ക്ക്‌ പ്രത്യേക ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെയാണ് നിര്‍മാണം നിര്‍ത്തി വെക്കാന്‍ പാലക്കാട് നഗരസഭ നിര്‍ദേശം നല്‍കിയത്.

വിശ്വകര്‍മ, ഈഴവ വിഭാഗങ്ങളാണ് തങ്ങള്‍ക്കും പ്രത്യേക ഭൂമി വേണമെന്ന്‌ ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയത്. മാട്ടുമന്ത പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമിയാണ് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ എന്‍.എസ്.എസ് കരയോഗത്തിന് മരണാനന്തരച്ചടങ്ങുകള്‍ക്ക് പതിച്ച് നല്‍കിയത്.

എന്‍.എസ്.എസിന് ഭൂമി വിട്ട് നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇത് പൊതുവായ  ഷെഡ് ആണെന്നാണ്‌ നഗരസഭയുടെ പ്രതികരണം. നഗരസഭയ്ക്ക് ഷെഡ് കെട്ടാന്‍ ഫണ്ടില്ലാത്തതിനാല്‍ എന്‍.എസ്.എസ് അത് ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് ഭൂമി നല്‍കി എന്നാണ് നഗരസഭയുടെ വിശദീകരണം. നേരത്തെ ഇതേ ശ്മശാനത്തില്‍ ബ്രാഹ്‌മണ സമുദായത്തിനും ഷെഡ് കെട്ടാനായി അതിര് തിരിച്ച് നഗരസഭ ഭൂമി അനുവദിച്ചിരുന്നു.

നിലവില്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നഗരസഭ നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ എന്‍.എസ്.എസിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍, നഗരസഭയുടെ നേതൃത്വത്തില്‍ ഷെഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറയുന്നത്.

നേരത്തെ ഏത് സാമുദായിക സംഘടന ഭൂമിക്കായി രംഗത്ത് വന്നാലും ഭൂമി നല്‍കുമെന്ന് നഗരസഭ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ നിരവധി സംഘടനകളാണ് ഭൂമി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. മനുഷ്യനെ വിഭജിക്കുന്ന ഈ തീരുമാനത്തിനത്തിനെതിരെ മുഖ്യമന്ത്രിക്കും ധനവകുപ്പിനും പരാതി നല്‍കുമെന്ന് ആക്ടിവിസ്റ്റ് ധന്യ രാമന്‍ ന്യൂസ് മലയാളം 24*7 നോട് പറഞ്ഞു.

സര്‍ക്കാര്‍ ഭൂമിയുടെ കസ്റ്റോഡിയന്‍ നഗരസഭ സെക്രട്ടറിയാണെന്നും കൗണ്‍സില്‍ പാസാക്കിയ പ്രമേയം നിയമപരമായി നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതത് സെക്രട്ടറിയാണെന്നും പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത പ്രതികരിച്ചു.

സെക്രട്ടറി പരിശോധിച്ചതിന് ശേഷം മാത്രമെ ഭൂമി അളന്ന് കൊടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇവിടെ അത്തരമൊരു അന്വേഷണം നടക്കാത്തതിനാല്‍ ഇത് ചട്ടവിരുദ്ധമാണെന്നും ബോബന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടത്‌ ലോക്കല്‍ ബോഡികള്‍ ആണെന്നും എന്നാല്‍ ഇവിടെ നഗരസഭ താത്പര്യമെടുത്ത് പൊതുസൗകര്യം ഒരുക്കുന്നതിന് പകരമാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതിരൂക്ഷമായ കാലഘട്ടില്‍ പോലും ശ്മശാനങ്ങളില്‍ ഇത്തരമൊരു ജാതി വേര്‍തിരിവ് ഉണ്ടായിരുന്നില്ലെന്നും ഇത് സമൂഹത്തെ ജാതി സമ്പ്രദായത്തിലേക്ക്‌ തിരികെ നയിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Incident of land in public cemetery being given to NSS; Construction work ordered to be stopped