കാരക്കാസ്: വെനസ്വേലയിലെ പുതിയ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം പൊതുമാപ്പിനായി അപേക്ഷ സമര്‍പ്പിച്ചത് 1500ലേറെ തടവുകാരെന്ന് റിപ്പോര്‍ട്ട്. അപേക്ഷകള്‍ പരിഗണിച്ച് നൂറുകണക്കിന് പേരെ ജയിലില്‍ നിന്നും വിട്ടയച്ചതായി നാഷണല്‍ അസംബ്ലി മേധാവി ജോര്‍ജ് റോഡ്രിഗസ് അറിയിച്ചു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം 1,550-ത്തിലധികം രാഷ്ട്രീയ തടവുകാരാണ് പൊതുമാപ്പിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് നാഷണല്‍ അസംബ്ലി മേധാവി ശനിയാഴ്ച പറഞ്ഞു.
യു.എസ് അട്ടിമറിയിലൂടെ പുറത്താക്കുകയും ജയിലലിടക്കുകയും ചെയ്ത വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ രാഷ്ട്രീയ എതിരാളികള്‍ക്കാണ് കൂട്ടത്തോടെ പൊതുമാപ്പ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരെ മോചിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 80 തടവുകാരെ മോചിപ്പിച്ചതായും റോഡ്രിഗസ് പറഞ്ഞു.
മഡുറോയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ യു.എസ് പിന്തുണയോടെ അധികാരത്തിലേറിയ വെനിസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പുതിയ നിയമനിര്‍മാണത്തിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു.
വെനസ്വേലയിലെ ഭരണകൂടം അസഹിഷ്ണുത ഉപേക്ഷിച്ച് രാജ്യത്തെ രാഷ്ട്രീയത്തിന് പുതിയ വഴികള്‍ തുറക്കുകയാണെന്ന് എന്ന് പുതിയ നിയമത്തെ കുറിച്ച് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു.
പ്രതിപക്ഷം പുതിയ നിയമനിര്‍മാണത്തെ വിമര്‍ശിച്ചെങ്കിലും എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും പൊതുമാപ്പിന്റെ ഫലം ലഭിക്കണമെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യമുയര്‍ത്തി.
പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോയുടെ അടുത്തയാളും പ്രതിപക്ഷാംഗവുമായ ജുവാന്‍ പാബ്ലോ ഗുവാനിപയെ വീട്ടുതടങ്കലിലിട്ട ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുമായ സുരക്ഷാ സേനയിലെ ശിക്ഷിക്കപ്പെട്ട അംഗങ്ങള്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാകില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി പരോള്‍ ചെയ്യപ്പെടുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയോ ചെയ്ത 11,000 രാഷ്ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് ലഭിക്കുമെന്നും ഭരണകൂടം അറിയിച്ചു.