ലേഖനം: പ്രഭാത് പട്‌നായിക്- ഇടതുപക്ഷമേ, നിങ്ങള്‍ ഇടപെടേണ്ട സമയമിതാണ്, ഇനിയും വൈകരുത്
Opinion
ലേഖനം: പ്രഭാത് പട്‌നായിക്- ഇടതുപക്ഷമേ, നിങ്ങള്‍ ഇടപെടേണ്ട സമയമിതാണ്, ഇനിയും വൈകരുത്
ജിന്‍സി ടി എം
Thursday, 8th March 2018, 6:53 pm

ത്രിപുര തെരഞ്ഞെടുപ്പു ഫലത്തില്‍ നിന്നും വ്യക്തമായ രണ്ടു നിഗമനങ്ങള്‍ എത്തിച്ചേരാം. ആദ്യത്തേത്, ഏതെങ്കിലും സംസ്ഥാനത്ത് കര്‍മ്മനിരതരായ സര്‍ക്കാറുള്ള ഒരു പ്രതിപക്ഷ പാര്‍ട്ടിയെ സംബന്ധിച്ച് ബി.ജെ.പിയുടെ കടന്നാക്രമണം ചെറുക്കുകയെന്നത് അത്യധികം ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. വന്‍ സാമ്പത്തിക പിന്തുണയുള്ള തങ്ങളുടെ തെരഞ്ഞെടുപ്പു ശ്രമങ്ങള്‍ക്ക് താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ അധികാരം കൂടെ തെരഞ്ഞെടുപ്പു രംഗത്തേക്ക് ഉപയോഗിക്കുകയാണ് ബി.ജെ.പി

ത്രിപുരയിലെ മണിക് സര്‍ക്കാര്‍ ഗണ്‍മെന്റ് അവരുടെ അവസാന കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നത് വാസ്തവമാണ്. ഈ ബുദ്ധിമുട്ട് അവരുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ഈ സാമ്പത്തിക തകര്‍ച്ച തന്നെ തുടര്‍ച്ചയായി വരുന്ന സാമ്പത്തിക കമ്മീഷനുകള്‍ ത്രിപുരയോട് കാണിച്ച അനീതിയുടെയും കേന്ദ്രസര്‍ക്കാറിന്റെ മനപൂര്‍വ്വമുള്ള അവഗണയുടെയും ഫലമായിരുന്നു

ബി.ജെ.പി പരാജയപ്പെടുന്ന ഉപതെരഞ്ഞെടുപ്പുകളും, ഒറ്റയ്ക്കോ സഖ്യത്തിലൂടെയോ അവര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും, പഞ്ചാബ് പോലെ ബി.ജെ.പിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിപക്ഷ പാര്‍ട്ടിയുടെ വിജയത്തിലേക്കു നയിച്ചതുപോലുള്ള സംഭവങ്ങളൊന്നും മേല്‍പ്പറഞ്ഞ വസ്തുതയെ നിഷേധിക്കുന്നില്ല.

 

തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കയ്യിലുള്ള വിവിധങ്ങളായ മറ്റു ഉപകരണങ്ങളും ഉപയോഗിച്ചുളള ബി.ജെ.പിയുടെ ഒറ്റക്കെട്ടായ ശ്രമങ്ങളെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും മമതാ ബാനര്‍ജിയേയും നവീന്‍ പട്നായിക്കിനേയും പോലെ അതിശക്തമായ സര്‍ക്കാറുകള്‍പോലും ഈ ആക്രമണ ഭീഷണിക്കു കീഴിലാണ്.

രണ്ടാമതായി, ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരു ഭാഗത്ത് ബി.ജെ.പി മറുഭാഗത്ത് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം എന്ന തരത്തില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഈ ട്രെന്റിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയും ഒഡീഷയിലെയും ത്രിപുരയിലെയും കോണ്‍ഗ്രസും.

ഇവിടെയെല്ലാം പ്രധാന ബി.ജെ.പി വിരുദ്ധ പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പിന്തള്ളപ്പെടുകയാണ്. ബി.ജെ.പിയെ എതിര്‍ക്കുന്നവരെല്ലാം അവരുടെ വോട്ടുകള്‍ വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കു നല്‍കുന്നതിനുപകരം ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളില്‍ ഒന്നിന്, അനുകൂലമായി മാറ്റുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഒന്നുകില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നവര്‍ അല്ലെങ്കില്‍ പിന്തുണയ്ക്കാത്തവര്‍ എന്ന കാര്യം മാത്രമാണ് വോട്ടര്‍മാര്‍ നോക്കുന്നത്.

 

ഈ ട്രെന്റ് തുടരുകയാണെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തങ്ങളായ എതിരാളികളെ നേരിട്ട് അവസാനം ബി.ജെ.പി ഏക ദേശീയ പാര്‍ട്ടിയാവും. ഈ എതിരാളികളെയെല്ലാം എളുപ്പം തകര്‍ക്കാമെന്നതിനാല്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ മാത്രമാകും. പ്രതിപക്ഷ രഹിത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതാണ്. ആ ലക്ഷ്യം അങ്ങനെ യാഥാര്‍ത്ഥ്യമാകും. അത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുരാഷ്ട്രം സാധ്യമാക്കുയെന്നത് വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത കാര്യമാകും.

ചിലപ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചോദിച്ചേക്കാം: നിങ്ങള്‍ ഇത് പെരുപ്പിച്ചുകാട്ടുകയാണോ? ഇനി ഈ പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ സമീപഭാവിയിലുണ്ടായില്ലെങ്കിലും കുറച്ചു കഴിഞ്ഞാല്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരം പ്രവര്‍ത്തിക്കില്ലേ, അല്ലെങ്കില്‍ ഒരിക്കല്‍ ഈ സര്‍ക്കാറുകളെ അധികാരത്തില്‍ നിന്നും വോട്ടുചെയ്തു പുറത്താക്കില്ലേ?. ത്രിപുര സര്‍ക്കാറിനെ പുറത്താക്കിയത് പോലെ. അപ്പോള്‍ സമീപഭാവിയില്‍ തന്നെ അവര്‍ പുറന്തള്ളപ്പെട്ടില്ലെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പിയ്ക്ക് അതിജീവനം ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ ഹിന്ദുത്വ പാര്‍ട്ടിയുടെ കയ്യില്‍ അധികാരത്തിന്റെ അങ്ങേയറ്റത്തെ കേന്ദ്രീകരണം എന്ന ട്രെന്റിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ല. ഹ്രസ്വകാലഘട്ടത്തില്‍ അത് എത്ര അസ്വസ്ഥപ്പെടുത്തിയാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വിപരീതഫലം ചെയ്യുമെന്ന്.

ഈ ആശങ്കയ്ക്ക് പല കാരണങ്ങളുണ്ട്: ആദ്യമായി, കിന്‍സിന്റെ പ്രശസ്ത വചനം പോലെ “വിദൂരഭാവിയില്‍ നമ്മളെല്ലാം മരിച്ചിരിക്കും”. തത്വത്തില്‍ പോലും നമുക്ക് വിദൂരഭാവിയെ വിശ്വസിച്ചുകൂടാ.

 

രണ്ടാമതായി, തോല്‍ക്കുമെന്ന സാഹചര്യത്തില്‍ പോലും എല്ലാതരത്തിലുള്ള വളഞ്ഞ വഴിയും ഉപയോഗിച്ച് വോട്ടിങ്ങില്‍ തട്ടിപ്പുനടത്താനുള്ള ഹിന്ദുത്വ ശക്തികളുടെ കഴിവിനെ വിലകുറച്ചുകാണരുത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക, വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുക, ഏതെങ്കിലും “ശത്രുരാജ്യത്തിനെതിരെ” സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന് വ്യാജവാര്‍ത്ത സൃഷ്ടിക്കുക തുടങ്ങിയ വഴികളെല്ലാം അവര്‍ ഉപയോഗിക്കും. ഇത്തരം സാഹചര്യത്തില്‍ അവരെ വോട്ടുചെയ്തു പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്ന വിദൂരഭാവി വരാതെയാവും.

മൂന്നാമതായി തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രധാന്യം പോലും നഷ്ടപ്പെട്ടേക്കാവുന്ന വിദൂരഭാവി വരാന്‍ കാത്തിരുന്ന് പാര്‍ലമെന്ററി പ്രതിപക്ഷ ശക്തികള്‍ യാതൊരു പ്രതിരോധവുമില്ലാതെ ബി.ജെ.പിയെ അവരുടെ വഴിക്കുവിട്ടാല്‍, ഫാസിസത്തിനെ എതിര്‍ക്കുന്ന മറ്റു പാര്‍ലമെന്റേതര ശക്തികള്‍ മുന്നോട്ടുവരും. അത്തരമൊരു സാഹചര്യത്തില്‍ രാജ്യം ഉഗ്രമായ സംഘട്ടനങ്ങളിലൂടെ ഛിന്നഭിന്നമായിരിക്കും.

അതുകൊണ്ടുതന്നെ ഇടപെടേണ്ട സമയമിതാണ്. ഇനിയും വൈകുന്നതിന് മുമ്പ് ഇടപെടുകയും വേണം. ബി.ജെ.പിയുടെ പ്രത്യാക്രമണത്താല്‍ അരികുവത്കരിക്കപ്പെട്ട ഇടതുപക്ഷം രാജ്യത്തെയും സ്വയമേവയും പ്രതിരോധിക്കേണ്ടതുണ്ട്. ഒപ്പം ഹിന്ദുത്വ ശക്തികള്‍ പിടിമുറുക്കുന്നതിനുമുമ്പ് സമൂഹത്തിലെ എല്ലാ മതേതര, ജനാധിപത്യ ശക്തികളെയും ഐക്യപ്പെടുത്തി അവര്‍ക്കെതിരെ പോരാടണം.

 

ബി.ജെ.പിയ്ക്കെതിരെ ഏതെങ്കിലും പാര്‍ട്ടികളുടെ തട്ടിക്കൂട്ട് ഐക്യമുണ്ടാക്കിയെടുത്താല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ടാവില്ല. ഇനി അഥവാ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ അവര്‍ക്കു കഴിഞ്ഞാല്‍ തന്നെ ജനജീവിതത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള പരിഷ്‌കാരം കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെങ്കില്‍ അതൊരുതരം നിരാശ സൃഷ്ടിക്കുകയും അടുത്തതവണ ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യപ്പെടല്‍ ഒരു പൊതുമിനിമം പരിപാടിക്കു ചുറ്റിലായിരിക്കണം. അത് നടപ്പിലാക്കുകയും എല്ലാ പാര്‍ട്ടികളും അതിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. അത്തരമൊരു പരിപാടിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഭീതിയേയും, ആക്രമിക്കപ്പെട്ടേക്കുമെന്ന ചിന്തയേയും, ജാതീയ, വര്‍ഗീയ മനോഭാവങ്ങള്‍ വളരുന്നതിനേയും അതിജീവിക്കാന്‍ മാത്രമല്ല, പുതിയ ക്ഷേമ രാഷ്ട്ര പദ്ധതികള്‍ മുന്നോട്ടുവെക്കാനും കഴിയണം. പ്രത്യേകിച്ച് വിദ്യാഭ്യാസ, തൊഴില്‍, ആരോഗ്യ മേഖലകളില്‍. അത്തരമൊരു അജണ്ട നടപ്പിലാക്കാന്‍ തയ്യാറായി ആരൊക്കെ വരുന്നോ അവരൊക്കെ വിശാല സഖ്യത്തിന്റെ ഭാഗമായിരിക്കണം.

ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ത്രിപുരയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഈ സാഹചര്യത്തിന്റെ ഗൗരവാവസ്ഥ അവര്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ ഹിന്ദുത്വ വിരുദ്ധ പ്രതിരോധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന തരത്തില്‍ രാഷ്ട്രീയ നിലപാട് മാറ്റുക. അങ്ങനെയെങ്കില്‍ കുറഞ്ഞത് ത്രിപുരയിലെ തിരിച്ചടിയില്‍ നിന്നെങ്കിലും നല്ലത് നടക്കും.

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.