വിവരസാങ്കേതികവിദ്യയുടെ കാലത്ത് അറിവുണ്ടായാൽ പോര, തിരിച്ചറിവുമുണ്ടാകണം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
Kerala News
വിവരസാങ്കേതികവിദ്യയുടെ കാലത്ത് അറിവുണ്ടായാൽ പോര, തിരിച്ചറിവുമുണ്ടാകണം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2025, 8:14 pm

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അറിവുണ്ടായാൽ പോര, തിരിച്ചറിവുണ്ടാവുകയാണ് പ്രധാനമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. സമൂഹത്തിൻ്റെ മനുഷ്യത്വപൂർണമായ ഇടപെടലുകൾക്ക് നാടിൻ്റെ വികസനത്തോളം പ്രധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാട് ഉയർന്നതോതിലുള്ള ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ കൈവരിച്ചാലും മനുഷ്യർക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്ന അന്തരീക്ഷം ഇല്ലെങ്കിൽ ജീവിതം ദുസഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ഗവണ്മെൻ്റ് എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്‌കൂൾ ഓഡിറ്റോറിയം, സ്‌കൂളിൻ്റെ പ്രവേശന കവാടം, ചുറ്റുമതിൽ, സ്കൂ‌ളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

‘ഇക്കാലത്ത് വീട്ടിലിരുന്ന് ഇന്റർനെറ്റിൽ പരതിയാൽ എല്ലാ കാര്യങ്ങളും അറിയാനാകും. പക്ഷേ അറിവുകൾ എങ്ങനെ പ്രാവർത്തികമാക്കണം എന്ന് മനസിലാക്കണമെങ്കിൽ സഹവാസം വേണം. അതിനായി ജനങ്ങളുടെയും കുട്ടികളുടെയും ഇടയിലേക്കിറങ്ങണം. അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം നാം മനസിലാക്കേണ്ടതുണ്ട്. അറിവ് നിങ്ങൾക്ക് എവിടുന്നും കിട്ടും. വീട്ടിലിരുന്ന് രഹസ്യമായി സാധനങ്ങൾ വാങ്ങിവെച്ച് ബോംബ് പരീക്ഷണം നടത്തിയ ആളുകളെ പറ്റി കേട്ടിട്ടില്ലേ. ഒരു തോക്ക് കയ്യിൽ കിട്ടിയാൽ, കാഞ്ചി വലിച്ചാൽ വെടി പൊട്ടും എന്നുള്ളത് നമുക്കറിയാം. എന്നാൽ അത് ചെയ്തു കഴിഞ്ഞാൽ ഉണ്ടാവുന്ന അപകടത്തെപ്പറ്റി മനസിലാക്കി അത് ചെയ്യാതിരിക്കുന്നതാണ് തിരിച്ചറിവ്,’ അദ്ദേഹം പറഞ്ഞു.

ജാതി, മതം, വർഗീയത, വംശീയത തുടങ്ങിയവയ്ക്കൊക്കെ അതീതമായി മനുഷ്യനെയും സഹജീവികളെയും സ്നേഹിക്കാൻ കഴിയുന്ന അന്തരീക്ഷമുണ്ടാകണമെന്നും അതിനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസവും സാമൂഹ്യ സാഹചര്യങ്ങളും കുട്ടികൾക്ക് ലഭിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് വളണ്ടിയർമാർ അടക്കമുള്ള നമ്മുടെ വിദ്യാർത്ഥികൾ വീടില്ലാത്തവരെ കണ്ടെത്തി വീട് വച്ചു കൊടുക്കുവാനും ബുദ്ധിമുട്ടുള്ളവരെ തിരിച്ചറിഞ്ഞ് സഹായിക്കാനും ഒക്കെ സന്നദ്ധത കാണിക്കുന്നു എന്നുള്ളത് നമ്മുടെ പഠനരീതിയുടെയും സാമൂഹ്യ വ്യവസ്ഥയുടേയും പ്രധാന്യമാണ് എടുത്തുകാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോൾ ജനസംഖ്യാനുപാതം കുറയുമെന്ന രീതിയിലാണിപ്പോൾ കേരളമെന്നും മന്ത്രി പറഞ്ഞു. പണ്ട് അഞ്ചര ലക്ഷം കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരുന്നു. എന്നാലിപ്പോൾ കഴിഞ്ഞ വർഷം സംസ്ഥാനത്താകെ ജനിച്ചത് മൂന്നുലക്ഷം കുഞ്ഞുങ്ങളാണ്. ഇന്ത്യയിലാകെ 60 വയസ്സ് കഴിഞ്ഞവർ ഏഴ് ശതമാനമാണ്.

എന്നാൽ കേരളത്തിൽ അത് 17 ശതമാനമാണ്. ഉടനെ ഇത് 25 ശതമാനത്തിലേക്കെത്തും. ജനസംഖ്യയിൽ വരുന്ന വ്യത്യാസം വരുമാനം നേടുന്നവരുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ടാക്കും. പുതിയ നിരവധി കാര്യങ്ങൾക്കിത് തുടക്കമിടും. പുതിയ സാധ്യതകൾ തുറന്നു വരും. അതുപയോഗിക്കാൻ തക്ക വിധത്തിലേക്ക് നമ്മുടെ നാടിനെ ഉയർത്തണം. അതിനു പറ്റുന്ന തരത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടണം. മനുഷ്യത്വം തീണ്ടിയ തലമുറയെ വളർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെയും പോയി ജോലി ചെയ്ത് ജീവിക്കാൻ കഴിവുള്ള ആളുകളെ സൃഷ്ടിച്ചെടുക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസരീതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഏതു നാട്ടിൽ ചെന്നാലും അവിടെല്ലാം മലയാളിയുണ്ടാകും. ഉത്തര അറ്റ്ലാൻ്റിക് സമുദ്രത്തിലെ ചെറിയൊരു ദ്വീപായ ഗ്രീൻലാൻഡിൽ പോലും മലയാളിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണന മേനോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കുമാരി, കൌൺസിലർ അരുൺ കാടാംകുളം, അനിത ഗോപകുമാർ, പി.ടി.എ പ്രസിഡൻ്റ് ബി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: In the age of information technology, knowledge is not enough, there must be awareness: Finance Minister K.N. Balagopal