സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയില്‍ ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് എഴുപത് ശതമാനത്തിന് മുകളില്‍
World News
സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയില്‍ ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് എഴുപത് ശതമാനത്തിന് മുകളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 3:51 pm

കൊളംബോ: ഏഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

ഇതിനിടെ ശ്രീലങ്കയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 70 ശതമാനത്തിലേറെയായി ഉയര്‍ന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 70.2 ശതമാനമായാണ് ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്.

അതേസമയം, 70 ശതമാനം ഉയര്‍ന്നതിന് ശേഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതിനാല്‍ ഇനിയങ്ങോട്ട് പണപ്പെരുപ്പവും വിലക്കയറ്റവും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് അവസാനം വരെയുള്ള മൂന്ന് മാസങ്ങളില്‍ സമ്പദ്‌വ്യവസ്ഥ 8.4 ശതമാനമായി ചുരുങ്ങി എന്നും കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ഒരു വര്‍ഷം മുമ്പത്തെ വിലയെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 84.6% വര്‍ധനവുണ്ടായതായും ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിദേശ കറന്‍സിയുടെ ക്ഷാമം കാരണമായിരുന്നു 22 മില്യണ്‍ ജനങ്ങളുള്ള ദക്ഷിണേഷ്യന്‍ രാജ്യമായ ശ്രീലങ്ക സാമ്പത്തിക- രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമായത്.

ഇന്ധനം, വളം, മരുന്ന് എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോലും രാജ്യത്തിന് കഴിയാത്ത സ്ഥിതിയാണ്.

കൊവിഡ് മഹാമാരിക്ക് മുമ്പ് വരെ ടൂറിസമായിരുന്നു ശ്രീലങ്കയുടെ പ്രധാന വരുമാന മാര്‍ഗം. ഇതിലൂടെയായിരുന്നു ലങ്കക്ക് വിദേശ കറന്‍സി ലഭിച്ചിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ ഈ വരുമാനം നിലച്ചു.

ഇതിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നും വമ്പന്‍ തുകകള്‍ കടമെടുത്ത് കൊണ്ടായിരുന്നു ശ്രീലങ്ക രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏറെക്കാലം പിടിച്ചുനിര്‍ത്തിയിരുന്നത്.

ഇതിനിടെ ശ്രീലങ്കന്‍ രാഷ്ട്രീയ രംഗത്തും ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഗോതബയ രജപക്‌സെയും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹീന്ദ രജപക്‌സെയും രാജി വെച്ചിരുന്നു.

അഴിമതി നിറഞ്ഞ കുടുംബ ഭരണത്തിനെതിരെ രാജ്യത്തെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയായിരുന്നു ഇരുവരും രാജി വെച്ചത്.

നിലവില്‍ റനില്‍ വിക്രമസിംഗെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്. ദിനേഷ് ഗുണവര്‍ധനെയാണ് പ്രധാനമന്ത്രി.

Content Highlight: In Sri Lanka, Inflation rate jumps to more than 70 percent in August