ബെയ്‌റൂട്ട്: വ്യോമാക്രമണങ്ങള്‍ക്കും മിസൈല്‍ വര്‍ഷങ്ങള്‍ക്കും പുറമേ, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ക്രൂരമായ പുതിയ യുദ്ധമുറകളുമായി ഇസ്രഈല്‍. തെക്കന്‍ ലെബനനിലാണ് സാധാരണക്കാരെയും രക്ഷാപ്രവര്‍ത്തകരെയും കെണിയില്‍പെടുത്താന്‍ കരയുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം ഇസ്രഈലി ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
ഗസയില്‍ പരീക്ഷിച്ച് വിജയിച്ച ഇതേ തന്ത്രം ഇപ്പോള്‍ ലെബനനിലും ഇസ്രഈല്‍ സൈന്യം ആവര്‍ത്തിക്കുകയാണെന്ന് പ്രാദേശിക നിവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ലെബനനിലെ ഹബ്ബൂഷ് എന്ന അതിര്‍ത്തി ഗ്രാമത്തില്‍ അടുത്തിടെ രാത്രി സമയത്ത് സഹായത്തിനായി ഉച്ചത്തില്‍ നിലവിളിക്കുന്ന ഒരു കുട്ടിയുടെ ശബ്ദമായിരുന്നു പ്രദേശവാസികള്‍ കേട്ടത്. എന്നാല്‍ ഗ്രാമത്തിലെ പാരാമെഡിക്കായ ഹാഷെം തന്റെ തലയ്ക്കുമുകളില്‍ പറക്കുന്ന ഇസ്രഈലി ക്വാഡ്‌കോപ്റ്ററില്‍ നിന്നാണ് ഈ ശബ്ദം പുറപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും തെക്കന്‍ ഗ്രാമങ്ങളില്‍ അവശേഷിക്കുന്ന ജനങ്ങള്‍ക്ക് ഇത് ഇപ്പോള്‍ ഒരു ദൈനംദിന സംഭവമായി മാറിയിട്ടുണ്ടെന്നും ഹാഷെം വെളിപ്പെടുത്തി.
‘ഈ ഡ്രോണുകള്‍ ഞങ്ങളുടെ മുകളിലൂടെ പറന്ന് വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ദിവസം കുട്ടികള്‍ നിലവിളിക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതുമായ ശബ്ദമായിരുന്നു. അതിനുമുമ്പ് അവര്‍ ആംബുലന്‍സിന്റെ സൈറണ്‍ ശബ്ദം ഇട്ടു. മറ്റൊരു ദിവസം അത് വിശുദ്ധ ഖുര്‍ആന്‍ പാരായണമായിരുന്നു. വേറൊരു സമയത്ത് സഹായം തേടുന്ന ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. ഞങ്ങളുടെ ജീവിതം ഇപ്പോള്‍ ഇതിനിടയിലാണ്,’ ഹാഷെം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
ഇസ്രഈലിന്റെ തുടര്‍ച്ചയായ ബോംബാക്രമണങ്ങളും അധിനിവേശ ഭീഷണിയും നിലനില്‍ക്കുമ്പോഴും സ്വന്തം മണ്ണില്‍ തുടരാന്‍ തീരുമാനിച്ച മനുഷ്യര്‍ക്ക് മേല്‍ ഈ ക്വാഡ്‌കോപ്റ്ററുകള്‍ നിരന്തരമായ ഭീതിയാണ് വിതയ്ക്കുന്നത്.
ഭയം, ജിജ്ഞാസ, അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ സഹജാവബോധം എന്നിവയെ ചൂഷണം ചെയ്ത് ആളുകളെ വീടുകളില്‍ നിന്നോ സുരക്ഷിത ഷെല്‍ട്ടറുകളില്‍ നിന്നോ പുറത്തിറക്കുക എന്നതാണ് ഇസ്രഈലിന്റെ പ്രധാന ലക്ഷ്യം.
രാത്രികാലങ്ങളില്‍ ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പുറത്തിറങ്ങി നോക്കുക എന്നത് മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണെന്ന് ഹാഷെം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അര്‍ദ്ധരാത്രിയില്‍ വിജനമായ ആ ഗ്രാമത്തില്‍ കുട്ടികള്‍ ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് താന്‍ കെണിയില്‍ വീഴാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമങ്ങളില്‍ അവശേഷിക്കുന്ന ജനങ്ങളെ മാനസികമായി തളര്‍ത്തി അവിടെനിന്ന് ഓടിക്കുക എന്നത് മാത്രമല്ല ഇസ്രഈലിന്റെ ലക്ഷ്യം. ഭൂരിഭാഗം സാധാരണക്കാരും ഒഴിഞ്ഞുപോയ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ചെറുത്തുനില്‍പ്പ് പോരാളികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശബ്ദം കേട്ട് പുറത്തുവരുന്ന ആളുകളെ തിരിച്ചറിയാനും അവരെ വകവരുത്താനുമുള്ള വ്യക്തമായ കെണിയാണിത്, അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ സൈന്യം ഈ തന്ത്രം ആദ്യമായി ഉപയോഗിക്കുന്നത് ഗസയിലാണ്. ഗസയിലെ റെസിഡന്‍ഷ്യല്‍ ഏരിയകളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച ക്വാഡ്‌കോപ്റ്ററുകള്‍ ഉപയോഗിച്ച് രാത്രികാലങ്ങളില്‍ കുട്ടികളുടെയും സ്ത്രീകളുടെയും കരച്ചില്‍ കേള്‍പ്പിക്കാറുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗസയില്‍ ഈ ഡ്രോണുകള്‍ വെറും നിരീക്ഷണ ഉപകരണങ്ങള്‍ മാത്രമല്ലായിരുന്നു. ആശുപത്രികള്‍ക്കും ജനവാസ മേഖലകള്‍ക്കും മുകളില്‍ പറന്ന് ജനങ്ങളെ ഭീഷണിപ്പെടുത്താനും, ചലനങ്ങള്‍ നിരീക്ഷിക്കാനും, ഉത്തരവുകള്‍ പുറപ്പെടുവിക്കാനും, ചില ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാനും ഇവ ഉപയോഗിക്കപ്പെട്ടു.
മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ കാരുണ്യത്തെയും സഹായിക്കാനുള്ള മനസ്സിനെയും ചൂഷണം ചെയ്യുന്നതിലൂടെ യഥാര്‍ത്ഥ ശബ്ദമേത്, റെക്കോര്‍ഡ് ചെയ്ത ശബ്ദമേത് എന്ന് വേര്‍തിരിക്കാനാകാത്ത അവസ്ഥയിലേക്ക് സാധാരണക്കാര്‍ മാറുന്നു. ഈ തന്ത്രമാണ് ഇപ്പോള്‍ ലെബനനിലും ഇസ്രഈല്‍ പയറ്റുന്നത്.
ശബ്ദങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് പുറമേ, ആളുകളെ പരസ്പരം അകറ്റാനും മാനസികമായി തകര്‍ക്കാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. തെക്കന്‍ പട്ടണമായ ഹൗളയില്‍ നിന്നുള്ള താരെക് മസാനി എന്ന സാമൂഹിക പ്രവര്‍ത്തകന്റെ അനുഭവം ഇതിന് തെളിവാണ്.
2024ലെ യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട മസാനി, പിന്നീട് സവ്താര്‍ അല്‍-ഷര്‍ഖിയയിലേക്ക് മാറുകയും അവിടെനിന്ന് വീണ്ടും കുടിയിറക്കപ്പെടുകയും ചെയ്ത വ്യക്തിയാണ്. നശിപ്പിക്കപ്പെട്ട ഗ്രാമങ്ങളിലേക്ക് ജനങ്ങള്‍ക്ക് മടങ്ങിവരാനുള്ള അവകാശത്തിനായി ‘ഗ്യാതറിംഗ് ഓഫ് ദി പീപ്പിള്‍ ഓഫ് ദി സതേണ്‍ ബോര്‍ഡര്‍ ടൗണ്‍സ്’ എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
2025 ഒക്ടോബര്‍ 12ന് ഇസ്രഈല്‍ സൈന്യം തെക്കന്‍ ഗ്രാമങ്ങള്‍ക്ക് മുകളിലൂടെ ക്വാഡ്‌കോപ്റ്ററുകള്‍ അയച്ച് മസാനിക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. മസാനി ഹിസ്ബുള്ളയില്‍ പെട്ടയാളാണെന്നും അതിനാല്‍ പ്രദേശവാസികള്‍ അദ്ദേഹത്തോട് സംസാരിക്കരുതെന്നും അദ്ദേഹത്തെ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ഡ്രോണുകളിലൂടെയുള്ള അനൗണ്‍സ്‌മെന്റ്.
താന്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ മറ്റ് താമസക്കാരുടെയും അയല്‍ക്കാരുടെയും സുരക്ഷയെക്കരുതി തനിക്ക് ആ വീട് വിട്ട് കുടുംബത്തെ ഉപേക്ഷിച്ച് മാറേണ്ടി വന്നതായി മസാനി വെളിപ്പെടുത്തി.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഭീഷണികള്‍ അവസാനിച്ചെങ്കിലും, കുടിയിറക്കലിനെതിരെയും പുനര്‍നിര്‍മ്മാണത്തിനായും ശബ്ദമുയര്‍ത്തുന്ന ആരെയും ലക്ഷ്യം വെക്കുമെന്ന ഇസ്രഈലിന്റെ വ്യക്തമായ മുന്നറിയിപ്പായിരുന്നു അത്.
ശബ്ദം കേട്ട് പ്രതികരിച്ചാല്‍ നമ്മള്‍ ഡ്രോണുകളുടെ കെണിയിലോ ആക്രമണത്തിലോ ചെന്നുപെടുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അത് അവഗണിച്ചാല്‍, ഒരുപക്ഷേ സഹായം തേടുന്ന ഏതെങ്കിലും യഥാര്‍ത്ഥ മനുഷ്യനെയായിരിക്കാം തങ്ങള്‍ കൈവിടുന്നതെന്നും
ഈ രണ്ട് ചിന്തകള്‍ക്കിടയില്‍ ജനങ്ങളുടെ പരസ്പര വിശ്വാസം തകരുകയും, ഭയം ഇരട്ടിക്കുകയും ചെയ്യുന്നെന്നും അത് തന്നെയാണ് ഇസ്രഈല്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.
Content Highlight: In south Lebanon, Israeli drones use the sound of crying children to lure civilians