'സ്വകാര്യത കോടതിയില്‍ പോലും സംരക്ഷിക്കപ്പെട്ടില്ല'; ദിലീപ് കേസിൽ അതിജീവിത
Kerala News
'സ്വകാര്യത കോടതിയില്‍ പോലും സംരക്ഷിക്കപ്പെട്ടില്ല'; ദിലീപ് കേസിൽ അതിജീവിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2024, 12:12 pm

കൊച്ചി: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ പ്രതികരിച്ച് അതിജീവിത. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലതവണയായി മാറിയത്തിലൂടെ തനിക്ക് നിഷേധിക്കപ്പെട്ടത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് നല്‍കുന്ന അവകാശമാണെന്ന് അതിജീവിത പറഞ്ഞു. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്നും അത് കോടതിയില്‍ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചെന്നും തന്റെ സ്വകാര്യത കോടതിയില്‍ സുരക്ഷിതമല്ലെന്ന് മനസിലാക്കുന്നുവെന്നും അതിജീവിത പറഞ്ഞു. വസ്തുതാന്വേഷ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള അനാസ്ഥകളാല്‍ തകരുന്നത് മുറിവേറ്റ മനുഷ്യരാണെന്നും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച മനുഷ്യരാണെന്നും അതിജീവിത സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. നീതി നിഷേധിക്കപ്പെട്ടവരെ കോട്ട കെട്ടി കരുത്തുപകരേണ്ടത് കോടതിയാണെന്നും അതിജീവിത ഓർമ്മിപ്പിച്ചു.

സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ നീതിക്കായി ഇനിയും പോരാടുമെന്നും അതിജീവിത വ്യക്തമാക്കി. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ മുന്നോട്ട് പോവുന്നുവെന്നും അതിജീവിത പറഞ്ഞു.

വെള്ളിയാഴ്ച മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിന് അടിസ്ഥാനമായ സാക്ഷിമൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാക്ഷിമൊഴികള്‍ അതിജീവിതക്ക് കൈമാറേണ്ടതുണ്ടെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കൂടാതെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഉപ ഹരജി നിലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. കേസ് മെയ് 30 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: In response to the unauthorized checking of the memory card, Athijeevitha