നോട്ടുനിരോധനത്തിന്റെ നേട്ടങ്ങള്‍ പുറത്തുവിടൂ; ജെയ്റ്റ്‌ലിയ്ക്ക് എന്‍.ഡി.എ ഘടകകക്ഷിയുടെ കത്ത്
national news
നോട്ടുനിരോധനത്തിന്റെ നേട്ടങ്ങള്‍ പുറത്തുവിടൂ; ജെയ്റ്റ്‌ലിയ്ക്ക് എന്‍.ഡി.എ ഘടകകക്ഷിയുടെ കത്ത്
ന്യൂസ് ഡെസ്‌ക്
Thursday, 20th December 2018, 9:44 pm

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ നേട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് എന്‍.ഡി.എ ഘടകകക്ഷി ലോക് ജനശക്തി പാര്‍ട്ടി. ഇക്കാര്യമാവശ്യപ്പെട്ട് എല്‍.ജെ.പി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ജെയ്റ്റ്‌ലിയ്ക്ക് കത്തയച്ചു.

അമിത് ഷാ, അരുണ്‍ ജെയ്റ്റലി, രാം വിലാസ് പാസ്വാന്‍, ചിരാഗ് പാസ്വാന്‍ എന്നിവര്‍ ഇന്ന് മുന്നണിസംബന്ധിയായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനും സീറ്റ് വിഭജനത്തിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് പാസ്വാന്‍ കത്തയച്ചത്.

ALSO READ: റഹ്മാനും ഫര്‍മാനും ഹനുമാന്റെ പര്യായം;ഹനുമാന്‍ ഒരു മുസ്‌ലിമാണെന്ന് ബി.ജെ.പി നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പുനരാലോചന വേണമെന്ന് എല്‍.ജെ.പിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് കത്തയച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

രാജ്യത്തെ കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണെന്നും എന്‍.ഡി.എ കടന്നുപോകുന്നത് ശ്രമകരമായ സമയത്തിലൂടെയാണെന്നും ചിരാഗ് പറഞ്ഞിരുന്നു.

എന്‍.ഡി.എയിലെ സഖ്യകകക്ഷിയായിരുന്ന ആര്‍.എല്‍.എസ്.പി മുന്നണി വിട്ട് യു.പി.എയില്‍ ചേര്‍ന്നതോടെയാണ് ബാക്കിയുള്ള സഖ്യകക്ഷികളുമായി തിരക്കിട്ട കൂടിയാലോചനയുമായി ബി.ജെ.പി രംഗത്തെത്തിയത്.

ALSO READ: അതിന്റെ കണക്കുകളൊന്നും ഞങ്ങളുടെ കൈയിലില്ല; 2016 ന് ശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരം ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയ്ക്ക് പിന്നാലെ എന്‍.ഡി.എയിലെ പ്രധാനകക്ഷിയായ ബി.ജെ.പിയ്‌ക്കെതിരെ പാസ്വാന്‍ രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണ വേണമെന്ന് എല്‍.ജെ.പി ആവശ്യപ്പെട്ടിരുന്നു.

40 ലോക്‌സഭാ സീറ്റാണ് ബീഹാറിലുള്ളത്. ജെ.ഡി.യു കൂടി ഉള്‍പ്പെട്ടതാണ് ബീഹാറില്‍ എന്‍.ഡി.എ. നിലവില്‍ ജെ.ഡി.യുവും ബി.ജെ.പിയും സീറ്റുകള്‍ പങ്കിട്ടെടുക്കാമെന്നാണ് ധാരണ. എന്നാല്‍ എല്‍.ജെ.പിയും സീറ്റില്‍ അവകാശം ഉന്നയിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു.

ടി.ഡി.പിയും ആര്‍.എല്‍.എസ്.പിയും മുന്നണി വിട്ടതോടെ എന്‍.ഡി.എ പ്രതിസന്ധിയിലാണെന്ന് പാസ്വാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മുന്നണിയ്ക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ബി.ജെ.പി ശ്രമിക്കണമെന്നും അല്ലാത്തപക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പാസ്വാന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

WATCH THIS VIDEO: