മധ്യപ്രദേശില്‍ കുളത്തില്‍ നിന്ന് നൂറോളം വോട്ടര്‍ ഐഡികള്‍ കണ്ടെത്തി; അട്ടിമറിയെന്ന് സംശയം
India
മധ്യപ്രദേശില്‍ കുളത്തില്‍ നിന്ന് നൂറോളം വോട്ടര്‍ ഐഡികള്‍ കണ്ടെത്തി; അട്ടിമറിയെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 3:34 pm

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കുളത്തില്‍ നിന്ന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി. ഛത്തര്‍പൂര്‍ ജില്ലയിലെ ബിജാവര്‍ ടൗണിലെ രാജ തലാബ് എന്ന കുളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ബാഗിനുള്ളില്‍ നൂറുകണക്കിന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്.

15-ാം വാര്‍ഡിലെ താമസക്കാരുടേതായ ഈ കാര്‍ഡുകള്‍ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിലാണ് കണ്ടത്. വെള്ളത്തില്‍ ഒഴുകി നടന്നിരുന്ന ബാഗ് ശുചീകരണ തൊഴിലാളികള്‍ പുറത്തെടുക്കുകയായിരുന്നു. 500ല്‍പരം വോട്ടര്‍ ഐഡികള്‍ ബാഗിലുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ രേഖകള്‍ യഥാര്‍ത്ഥമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിതരണം ചെയ്യാത്ത വോട്ടര്‍ കാര്‍ഡുകളാണിവയെന്നും പൗരന്‍മാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം വോട്ടര്‍ കാര്‍ഡുകള്‍ എങ്ങനെ കുളത്തിലെത്തിയതെന്ന് കണ്ടെത്താനുള്ള പ്രാഥമിക അന്വേഷണങ്ങള്‍ ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഭരണ കക്ഷികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഈ സംഭവം രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോര്‍ ഗഡ്ഡി ചോഡ്’ പ്രചരണത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇത് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡെ പറഞ്ഞു.

നൂറുകണക്കിന് വോട്ടര്‍ ഐഡികള്‍ കുളത്തില്‍ എങ്ങനെ വന്നുവെന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗഗന്‍ യാദവ് ആവശ്യപ്പെട്ടു. ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ ജില്ലാതല പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content highlight: In Madhya Pradesh, around 100 undistributed voter IDs found in pond; Election rigging suspected