ബ്രാഹ്‌മണ സമുദായത്തെ അപമാനിച്ചെന്ന് ആരോപണം; ദളിത് യുവാവിനെ കാലുകഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ചു
India
ബ്രാഹ്‌മണ സമുദായത്തെ അപമാനിച്ചെന്ന് ആരോപണം; ദളിത് യുവാവിനെ കാലുകഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 10:52 am

 

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ദളിത് യുവാവിനെകൊണ്ട് ബ്രാഹ്‌മണ യുവാവിന്റെ കാലുകഴുകിച്ച് വെള്ളം കുടിപ്പിച്ചു. സമൂഹമാധ്യമത്തില്‍ എ.ഐ നിര്‍മിത ചിത്രം പങ്കുവെച്ച് ബ്രാഹ്‌മണ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ കാല് കഴുകിച്ച് വെള്ളം കുടിപ്പിച്ചത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം.

 ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവര്‍ക്ക് നേരേ അധികൃതര്‍ കേസെടുത്തു. പുരുഷോത്തം കുശ്‌വാഹ എന്ന യുവാവിന് നേരയാണ് ഈ അതിക്രമം ഉണ്ടായത്.

ബ്രാഹ്‌മണ സമുദായ അംഗമായ അന്നു പാണ്ഡെയുടെ ചെരുപ്പുമാലയിട്ട് നില്‍ക്കുന്ന ഐ.ഐ ദൃശ്യം പുരുഷോത്തം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്തിരുന്നു. നേരത്തെ, മദ്യനിരോധനമുള്ള ഗ്രാമത്തില് മദ്യം വിറ്റതിന് അന്നു പാണ്ഡെയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. പിന്നാലെ നാട്ടുകാര്‍ പരസ്യമായി ഇയാളെ കൊണ്ട് മാപ്പുപറയിച്ച് 2100 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പുരുഷോത്തം അന്നു പാണ്ഡെയുടെ വീഡിയോ പങ്കുവെച്ചത്.

പിന്നാലെ വീഡിയോ പങ്കുവെച്ചതില്‍ ഇയാള്‍ മാപ്പ് പറഞ്ഞു. എന്നാല്‍, ബ്രാഹ്‌മണരുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഖാപ് പഞ്ചായത്ത് കൂടണമെന്ന് ആവശ്യപ്പെട്ടു. സമുദായിക പ്രശ്‌നമായി ഉയര്‍ത്തി കാണിച്ച് സമീപത്തെ ശിവ ക്ഷേത്രത്തില്‍ വിളിച്ചുവരുത്തി അന്നു പാണ്ഡെയുടെ കാല് കഴുകിപ്പിച്ച് വെള്ളം കുടിപ്പിക്കുകയായിരുന്നു. 5,100 രൂപ പിഴയും പഞ്ചായത്ത് ചുമത്തി.

സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. മനുഷത്വത്തിന് ഏറ്റ കളങ്കമാണിതെന്ന് സംഭവത്തില്‍  കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് എല്ലാ കുറ്റകൃത്യങ്ങളെയും രാഷ്ട്രീയവത്ക്കരിക്കുകയാണെന്നബി.ജെ.പി ആരോപിച്ചു.

Content highlight: In Madhya Pradesh, a Dalit youth was forced to wash the feet of a Brahmin youth and make him drink water