സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്; കര്‍ണാടകയില്‍ ശ്രീ മുരുഗ മഠാധിപതി അറസ്റ്റില്‍
national news
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്; കര്‍ണാടകയില്‍ ശ്രീ മുരുഗ മഠാധിപതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 8:07 am

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടകയില്‍ മത നേതാവ് അറസ്റ്റില്‍.

രാഷ്ട്രീയപരമായി വലിയ സ്വാധീനമുള്ള ലിങ്കായത് സമുദായത്തില്‍ നിന്നുള്ള നേതാവ് ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ (Shivamurthy Murugha Sharanaru) ആണ് കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 10 മണിയോടെയായിരുന്നു അറസ്റ്റ്.

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ശ്രീ മുരുഗ മഠത്തിന്റെ (Sri Murugha Mutt) തലവന്‍ കൂടിയായിരുന്നു ശരണരു.

ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ചിത്രദുര്‍ഗ ജില്ലാ ജയിലിലാണുള്ളത്. ഇയാളെ റിമാന്‍ഡില്‍ വിട്ടുകിട്ടാന്‍ പൊലീസ് അടുത്തദിവസം കോടതിയെ സമീപിക്കും.

”പോക്സോ കേസില്‍ ഞങ്ങള്‍ അദ്ദേഹത്തെ (ശ്രീ മുരുഗാ മഠം മേധാവി) അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

അവര്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. കേസില്‍ ഞങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമൊന്നുമില്ല. മെഡിക്കല്‍ ചെക്കപ്പിന് ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും,” കര്‍ണാടക എ.ഡി.ജി.പി അലോക് കുമാര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ചിത്രദുര്‍ഗ ജില്ലാ സെഷന്‍സ് കോടതി ശിവമൂര്‍ത്തി മുരുഗ ശരണരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതോടെയായിരുന്നു ശരണരുവിനെതിരെ പോക്‌സോ ആക്ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ആറ് ദിവസം മുമ്പായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടികളെ പ്രതി രണ്ട് വര്‍ഷത്തിലധികം പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.

അതേസമയം ഓഗസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചിത്രദുര്‍ഗയിലെ മുരുഗ മഠം സന്ദര്‍ശിച്ചതും വലിയ വാര്‍ത്തയായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കള്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്താറുള്ള സ്ഥലമായിരുന്നു ഇത്.

Content Highlight: In Karnataka Sri Murugha Mutt pontiff Charged With Raping Schoolgirls, Arrested