മഹ്‌സ അമിനിയുടെ മരണത്തില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകള്‍; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
World News
മഹ്‌സ അമിനിയുടെ മരണത്തില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകള്‍; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2022, 1:08 pm

ടെഹ്‌റാന്‍: ഹിജാബ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ചതില്‍ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു.

22കാരിയായ മഹ്‌സ അമിനി മരിച്ചതിലാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും ചെയ്തു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ഇറാനിലാണ് പ്രതിഷേധം ശക്തി പ്രാപിക്കുന്നത്.

ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനിലെ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നിരിക്കെയാണ് ഇതിനെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഏകാധിപതി മരിക്കട്ടെ (Death to Dictator) എന്ന മുദ്രാവാക്യവും അമിനിയുടെ ജന്മനാടായ സഗേസില്‍ നടന്ന പ്രതിഷേധത്തിനിടെ സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം.

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ‘സദാചാര പൊലീസി’നെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹ്‌സ കൊല്ലപ്പെട്ടത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്.

പൊലീസ് വാനില്‍ വെച്ച് യുവതിയെ മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

പൊലീസ് മര്‍ദനമേറ്റ ഇവരെ കോമയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമിനിയെ സദാചാര പൊലീസ് (ഗൈഡന്‍സ് പട്രോള്‍) അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ മര്‍ദനമാണ് അമിനിയുടെ മരണത്തിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും പരാതിയുണ്ട്.

അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ടെഹ്‌റാന്‍ പൊലീസ് പറയുന്നത്. മഹ്‌സ അമിനി അടക്കം ഒട്ടേറെ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും ഇതിനിടെ ഹാളില്‍ വെച്ച് മഹ്‌സ കുഴഞ്ഞുവീഴുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. സമൂഹമാധ്യമങ്ങളിലും പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

ഇറാനിലേത് ‘ഗൈഡന്‍സ് പട്രോള്‍’ അല്ല ‘മര്‍ഡര്‍ പട്രോള്‍’ ആണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ‘മര്‍ഡര്‍ പട്രോള്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററില്‍ പ്രതിഷേധമറിയിച്ചത്.

സംഭവത്തില്‍ ഇറാനിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് നേരത്തെ ആംനെസ്റ്റി ഇന്റര്‍നാഷണലടക്കം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് മതപരമായ വസ്ത്രധാരണമടക്കം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ‘ഗൈഡന്‍സ് പട്രോള്‍’ എന്ന വിഭാഗത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സദാചാര പൊലീസ്, ഫാഷന്‍ പൊലീസ് എന്നീ പേരുകളിലും ഈ പൊലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Content Highlight: In Iran women Protesters take off hijabs after woman arrested for dress code violation died