മുംബൈ: ഗസയിലെ വംശഹത്യയെ തമാശയാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കിട്ട സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് എതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ‘ഇന്ത്യയില്‍ ഒരു ദിവസമാണ് ദീപാവലി, ഗസയില്‍ എല്ലാം ദിവസവും ദീപാവലിയാണ്’ ഫയര്‍ ഇമോജികളോടൊപ്പം എക്‌സ് അക്കൗണ്ടില്‍ റാം ഗോപാല്‍ വര്‍മ പങ്കുവെച്ച കുറിപ്പാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ദീപാവലി ദിനത്തില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് താഴെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
നിങ്ങള്‍ ഒരു വൃത്തികെട്ട മനുഷ്യനാണ്. എന്തിനധികം പറയുന്നു. നിങ്ങള്‍ ഒരു മനുഷ്യന്‍ പോലുമല്ലെന്നും വിദ്വേഷം മാത്രമാണ് നിങ്ങളര്‍ഹിക്കുന്നതെന്നും കമന്റ്‌സിലൂടെ എക്‌സ് ഉപയോക്താക്കള്‍ രാം ഗോപാല്‍ വര്‍മയെ വിമര്‍ശിച്ചു.
നിങ്ങള്‍ ഒരു മനുഷ്യനായി മാറാന്‍ വര്‍ഷങ്ങളെടുക്കും. നിങ്ങള്‍ക്ക് ആഘോഷവും തകര്‍ച്ചയും തമ്മിലുള്ള വ്യത്യാസം അറിയില്ലേയെന്ന് രാഖി ത്രിപാഠിയെന്ന ഒരു എക്‌സ് യൂസര്‍ ചോദിക്കുന്നു.
കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനെ ആഘോഷമാക്കാതെ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു ഉത്സവം ആഘോഷിക്കാന്‍ സാധിക്കുന്നില്ലേയെന്ന് കരണ്‍ എന്ന എക്‌സ് ഉപയോക്താവ് സംവിധായകനോട് ചോദിച്ചു. നിങ്ങളെ ഓവര്‍ റേറ്റഡ് സംവിധായകന്‍ എന്ന് മുമ്പ് വിളിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസയിലെ ശിശുഹത്യയെ പരിഹസിക്കുന്ന ഇയാളുടെ പോസ്റ്റിന് പതിനായിരത്തിലേറെ ലൈക്കുകള്‍ ലഭിക്കുന്നു. ഇത് ഇന്ത്യന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം വരച്ചുകാണിക്കുന്നതാണെന്ന് ഉമെയിര്‍ ക്രിപ്‌റ്റോ എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റില്‍ പറഞ്ഞു.
ഗസക്ക് വേണ്ടത് നിങ്ങളുടെ ഡാര്‍ക്ക് ഹ്യൂമറല്ലെന്നും അവര്‍ക്ക് മനുഷ്യത്വമാണ് ആവശ്യമെന്നും, ഒരു യുദ്ധത്തിലും ആഘോഷിക്കാനായി ഒന്നുമില്ലെന്നും മറ്റൊരു എക്‌സ് യൂസര്‍ കുറിച്ചു. ‘നിങ്ങള്‍ പറഞ്ഞ ഗസയിലെ ആ ദീപാവലി ആഘോഷം നിങ്ങളുടെ വീട്ടിലും വൈകാതെ എത്തട്ടെയെന്ന് ആശംസിക്കുന്നു. മോദി നിങ്ങളെ കൃത്യമായി മുന്നോട്ട് നയിക്കുന്നുണ്ടെന്ന് വ്യക്തമാണ്’, ഷാബിര്‍ ഹുസൈന്‍ എന്നയാള്‍ കമന്റ് ചെയ്തു.
‘നിങ്ങള്‍ മനുഷ്യവര്‍ഗത്തിന് തന്നെ നാണക്കേടാണ്. നിങ്ങള്‍ക്കറിയുമോ അവിടെ നടക്കുന്നത് വംശഹത്യയാണ്.ഒരു രാജ്യം തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തുന്നത്. കുടുംബാംഗങ്ങള്‍ മുഴുവന്‍ കൊല്ലപ്പെട്ട് ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞ് മാത്രം അവശേഷിച്ച സംഭവങ്ങള്‍ പോലും അവിടെ അരങ്ങേറുന്നുണ്ട്. തലയില്ലാത്ത കുഞ്ഞുങ്ങളെ പോലും കണ്ടെടുക്കുന്നുണ്ട്’, ഒരു എക്‌സ് ഉപയോക്താവ് വിമര്‍ശിച്ചു.
‘നമ്മുടെ ദീപാവലി ആഘോഷത്തെ വംശഹത്യയുമായി ചേര്‍ത്ത് വായിച്ച നിങ്ങളുടെ മനസിലെ മാലിന്യം കണ്ട് ഞെട്ടിപ്പോയി. നിങ്ങളുടെ സിനിമകളേക്കാള്‍ മോശമാണ് നിങ്ങള്‍’, ഹര്‍മീത് കൗര്‍ എന്നയാള്‍ കുറിച്ചു.
ഗാന്ധിയുടെ മണ്ണില്‍ നിന്നും ഗോഡ്‌സെയുടെ മണ്ണിലേക്കുള്ള പാതയിലാണ് ഇന്നത്തെ ഇന്ത്യ. ഗസ കത്തിയെരിയുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളൊരു സംവിധായകന്‍ ഗസയെയും ഫലസ്തീനികളെയും പരിഹസിക്കുകയാണ്. ഇതിന്റെയൊക്കെ ഫലം അനുഭവിക്കുക സാധാരണക്കാരായ ഇന്ത്യക്കാരായിരിക്കുമെന്നും ബോധമുള്ള ഹിന്ദുക്കള്‍ ഈ വാദങ്ങളെ എതിര്‍ക്കുമെന്നും ഒരു എക്‌സ് ഉപയോക്താവ് ഓര്‍മപ്പെടുത്തി.
രാം ഗോപാല്‍ വര്‍മ പോസ്റ്റ് പിന്‍വലിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു. ഈ പോസ്റ്റ് ഹിന്ദു-മുസ് ലിം വിദ്വേഷത്തിന് പോലും കാരണമാകുമെന്നും എന്തിനാണ് സമൂഹത്തില്‍ വെറുപ്പ് പടര്‍ത്തുന്നതെന്നും എക്‌സ് ഉപയോക്താക്കള്‍ ചോദിക്കുന്നു.
In INDIA only one day is DIWALI and in GAZA, every day is DIWALI🔥🔥🔥