കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ട് ? വേടനെതിരായ പരാമര്‍ശത്തില്‍ കെ.പി ശശികലക്കെതിരെ സന്ദീപ് വാര്യര്‍
Kerala News
കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ട് ? വേടനെതിരായ പരാമര്‍ശത്തില്‍ കെ.പി ശശികലക്കെതിരെ സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2025, 5:35 pm

കോഴിക്കോട്: വേടനെതിരായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാന്‍ കഴിയുന്ന നിരവധി സമാജ പ്രശ്‌നങ്ങളുണ്ടെന്നും അതില്‍ ഇന്നേവരെ ശശികല അഭിപ്രായം പറഞ്ഞിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടിതജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ടെന്നും അത്തരത്തിലുള്ള പ്രശ്‌നങ്ങളിലൊന്നും ഹിന്ദു ഐക്യവേദി ഇടപെടുന്നത് കാണാറേയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വേടനെന്ന കേരളത്തിലെ യുവാക്കള്‍ ഇഷ്ടപ്പെടുന്ന കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആര്‍.എസ്.എസെന്നും ഇന്ന് കെ.പി ശശികല കേസരി പത്രാധിപര്‍ മധുവില്‍ നിന്ന് വേടന്‍ വിരുദ്ധ ബാറ്റണ്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചര്‍ ചോദിക്കുന്നതെന്നും പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെയെന്നും അദ്ദേഹം ചോദിച്ചു. പട്ടികജാതിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പാടട്ടെയെന്നും റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വര്‍ണവംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ദളിതര്‍ക്കെതിരായ സവര്‍ണ ഹിന്ദുത്വയുടെ അതിക്രമങ്ങള്‍ക്കെതിരായ ശബ്ദമായി മാറുമെന്നും അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ലെന്നും സന്ദൂപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുടര്‍ച്ചയായി വേടനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി വര്‍ണവെറി കൊണ്ടിനടക്കുകയാണ് ആര്‍.എസ്.എസ് എന്നതിന് ഉദാഹരണമാണ് ശശികല ടീച്ചറുടെയും കേസരി പത്രാധിപന്‍ മധുവിന്റെയും പരാമര്‍ശങ്ങള്‍. ഇന്നും വേടനെതിരായ പരാമര്‍ശം ശശികല നടത്തിയിരുന്നു.

റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലെന്നും കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്നും വേടനെ അധിക്ഷേപിച്ച് കൊണ്ട് ശശികല പറഞ്ഞിരുന്നു.

റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. അതുകൊണ്ട് സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം, കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്നാണ് കെ.പി. ശശികല പറഞ്ഞത്.

Content Highlight: In how many temples in Kerala do Scheduled Caste artists have the right to perform chenda? Sandeep Warrier slams KP Sasikala for her remarks against vedan