ന്യൂദൽഹി: 75 വർഷത്തെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ നിയമനത്തിൽ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി. ജൂൺ 23 മുതൽ ഒരു മോഡൽ റിസർവേഷൻ റോസ്റ്റർ പ്രാബല്യത്തിൽ വന്നതായി സർക്കുലർ വഴി സുപ്രീം കോടതി ജീവനക്കാരെ അറിയിച്ചു.
‘കോംപിറ്റന്റ് അതോറിറ്റിയുടെ നിർദേശപ്രകാരം, മോഡൽ റിസർവേഷൻ റോസ്റ്ററും രജിസ്റ്ററും സൂപ്പർനെറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ഇത് 23.06.2025 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കേണ്ടതാണ്,’ സർക്കുലറിൽ പറയുന്നു.
1995ൽ ആർ.കെ. സഭർവാൾ vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരമാണ് പുതിയ സംവരണ നയം കൊണ്ടുവന്നിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സർക്കാർ നിയമനങ്ങളിൽ സംവരണം ഒരു വകുപ്പിലെ ആകെ തസ്തികകളുടെ എണ്ണം അടിസ്ഥാനമാക്കിയായിരിക്കണമെന്നും, ഓരോ വർഷവും വരുന്ന ഒഴിവ് അടിസ്ഥാനമാക്കിയായിരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റത്തിനും പ്രത്യേക പട്ടികകൾ (റോസ്റ്ററുകൾ) ഉണ്ടായിരിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. റോസ്റ്റർ സമ്പ്രദായമനുസരിച്ച്, ഒരു തസ്തിക എസ്.സി, എസ്.ടി, ഒ.ബി.സി പോലുള്ള ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ടെങ്കിൽ, നിലവിൽ ജോലി ചെയ്യുന്ന വ്യക്തി വിരമിച്ചാലും അത് ആ വിഭാഗത്തിന് സംവരണം ചെയ്തതായി തുടരും.
പുതിയ സംവരണ നയം പ്രകാരം നേരിട്ടുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം ക്വാട്ടയും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനം ക്വാട്ടയും അനുവദിച്ചിട്ടുണ്ട്. രജിസ്ട്രാർമാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റുമാർ, അസിസ്റ്റന്റ് ലൈബ്രറേറിയന്മാർ, ജൂനിയർ കോടതി അസിസ്റ്റന്റുമാർ, ചേംബർ അറ്റൻഡന്റുകൾ എന്നീ തസ്തികകളിൽ സംവരണ ആനുകൂല്യമുണ്ട്.
പട്ടികയിലോ രജിസ്റ്ററിലോ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാലോ അല്ലെങ്കിൽ എന്തെങ്കിലും എതിർപ്പുകളോ ഉണ്ടെങ്കിൽ സ്റ്റാഫ് അംഗങ്ങൾക്ക് അതിനെക്കുറിച്ച് രജിസ്ട്രാറെ അറിയിക്കാവുന്നതാണ്.
പട്ടികജാതി സമൂഹത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആയ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കാലത്താണ് ഈ നയം നടപ്പിലാക്കുന്നത്. നിലവിൽ സംവരണം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമാണെങ്കിലും, ഒ.ബി.സി സംവരണം ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
‘എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നിരവധി ഹൈക്കോടതികളിലും ഇതിനകം തന്നെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനുള്ള വ്യവസ്ഥകളുണ്ട്. അപ്പോൾ, സുപ്രീം കോടതിയിൽ മാത്രം എന്തുകൊണ്ട് ഇല്ല? ഒരു സ്ഥാപനമെന്ന നിലയിൽ നമ്മുടെ പ്രവർത്തനങ്ങൾ നമ്മുടെ തത്വങ്ങളെ പ്രതിഫലിപ്പിക്കണം,’ ചീഫ് ജസ്റ്റിസ് ഗവായി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: In first, Supreme Court introduces quotas for its staff