ദൽഹിയിൽ ഇലക്ട്രിക്ക് ബസുകൾക്ക് കാവി നിറം നൽകി ബി.ജെ.പി സർക്കാർ; പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി
national news
ദൽഹിയിൽ ഇലക്ട്രിക്ക് ബസുകൾക്ക് കാവി നിറം നൽകി ബി.ജെ.പി സർക്കാർ; പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 12:06 pm

ന്യൂദൽഹി: ബി.ജെ.പി ഭരിക്കുന്ന ദൽഹിയിൽ ഇലക്ട്രിക് ബസുകൾക്ക് കാവി നിറം നൽകിയതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. ഇന്നലെയായിരുന്നു ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത കാവി നിറമുള്ള 105 പുതിയ ഇലക്ട്രിക് ബസുകൾ (ദൽഹി ഇ.വി ഇന്റർ-കണക്റ്റർ) ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.

നേരത്തെ ദൽഹി ഇവി ഇന്റർ-കണക്റ്റർ ബസുകളുടെ നിറം പച്ചയായിരുന്നു. ഇത് കാവി നിറമാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പൊതുഗതാഗതത്തെ രാഷ്ട്രീയവൽക്കരിക്കാനും മതവികാരം വ്രണപ്പെടുത്താനുമുള്ള ശ്രമമാണിതെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ദൽഹി കൺവീനർ സൗരഭ് ഭരദ്വാജ് ഈ നീക്കത്തെ വിമർശിച്ചു.

‘ദൽഹി ഇ.വി ഇന്റർ-കണക്റ്റർ ബസുകളിൽ കാവി നിറം പൂശി ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ ബസുകളിൽ ഛർദ്ദി, പാൻ, തുപ്പൽ, കഫം എന്നിവ പുരണ്ടാൽ അത് നമ്മുടെ വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമായിരിക്കും,’ അദ്ദേഹം വാദിച്ചു.

അതേസമയം ദൽഹി ഊർജ്ജസ്വലവും വർണ്ണാഭമായതുമായ ഒരു നഗരമാണ്. ഒരു പരീക്ഷണത്തിന്റെ ഭാഗമായി ഓറഞ്ച് നിറങ്ങളിലുള്ള ബസുകൾ അവതരിപ്പിക്കുകയാണെന്ന് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

രഥയാത്രയോടനുബന്ധിച്ചാണ് പുതിയ ബസുകൾ കൊണ്ടുവന്നതെന്നും ഇവ ജഗന്നാഥ ഭഗവാന് സമർപ്പിക്കുകയാണെന്നും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.

കുങ്കുമം ബി.ജെ.പിയുടെ മാത്രമല്ല, രാജ്യത്തിന്റെയും നിറമാണെന്നായിരുന്നു സംഭവത്തിൽ ബി.ജെ.പിയുടെ പ്രതികരണം.

പൊതു സേവനങ്ങളിൽ ലിംഗഭേദം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ ബസുകളിൽ ചിലത് സ്ത്രീകൾ ഓടിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദൽഹിയിൽ ഇതിനകം 2,000ത്തിലധികം ഇ-ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും, പൊതുഗതാഗത സംവിധാനത്തിന്റെ 100 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുക എന്നതാണ് ലക്ഷ്യമെന്നും രേഖ ഗുപ്ത പറഞ്ഞു. ‘ഇത് വെറുമൊരു ബസ് ലോഞ്ചിങ് മാത്രമല്ല. ദൽഹിയുടെ വൃത്തിയുള്ളതും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ ഗതാഗത ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പ് കൂടിയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

 

Content Highlight: In BJP ruled Delhi, EV buses painted saffron, stir political row