'സ്ത്രീകളങ്ങനെ അധികം ആഘോഷിക്കേണ്ട'; അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ താലിബാന്റെ വിലക്ക്
World News
'സ്ത്രീകളങ്ങനെ അധികം ആഘോഷിക്കേണ്ട'; അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ താലിബാന്റെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th November 2022, 11:31 am

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ത്രീകളെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും താലിബാന്‍ ഭരണകൂടം വിലക്കുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബുധനാഴ്ചയായിരുന്നു സംഭവം. പാര്‍ക്കിലെത്തിയ സ്ത്രീകളെ അവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുകയായിരുന്നു.

പബ്ലിക് പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുമെന്ന് താലിബാന്‍ സര്‍ക്കാരിലെ മൊറാലിറ്റി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

റോയിട്ടേഴ്‌സിന് നല്‍കിയ പ്രതികരണത്തില്‍ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് മന്ത്രാലയത്തിന്റെ (Ministry for the Propagation of Virtue and Prevention of Vice) വക്താവും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ വക്താവ് തയ്യാറായിരുന്നില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പ്രവേശനവിലക്കും.

കാബൂളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്നും നിരവധി സ്ത്രീകളെ അധികൃതര്‍ തിരിച്ചയച്ചതായും സംഭവ സ്ഥലത്ത് ആ സമയം താലിബാന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ നിരീക്ഷണത്തിനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

”ഒരു അമ്മ തന്റെ മക്കളുമായി വരുമ്പോള്‍ അവരെ പാര്‍ക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. കാരണം ഈ കുട്ടികള്‍ ഒരുപക്ഷെ ഇതുവരെ നല്ലതൊന്നും കണ്ടിട്ടുണ്ടാവില്ല. അവര്‍ കളിക്കേണ്ടതുണ്ട്, അവര്‍ക്കും എന്റര്‍ടെയിന്‍മെന്റ് വേണ്ടതുണ്ട്.

ഞാനവരോട് (അധികൃതര്‍) ഒരുപാട് അപേക്ഷിച്ചു. പക്ഷെ അവര്‍ ഞങ്ങളെ പാര്‍ക്കില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ ഞങ്ങള്‍ തിരിച്ച് പോകുകയാണ്,” പാര്‍ക്കിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീകളിലൊരാള്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം കയ്യടക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധങ്ങളുമാണ് താലിബാന്‍ സര്‍ക്കാരിന് കീഴില്‍ അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്നത്.

സ്ത്രീകളടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധസമരങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവരെ താലിബാന്‍ സൈന്യം അടിച്ചമര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമടക്കം പുറത്തുവരികയും ചെയ്തിരുന്നു.

Content Highlight: In Afghan capital Kabul, women stopped from entering amusement parks, Reuters report