ഫേസ്ബുക്കിലെ ആള്‍മാറാട്ടം തടഞ്ഞില്ലെങ്കില്‍ ഒരു മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ പിഴ; മെറ്റയ്ക്ക് മുന്നറിയിപ്പുമായി സിംഗപ്പൂര്‍
Meta
ഫേസ്ബുക്കിലെ ആള്‍മാറാട്ടം തടഞ്ഞില്ലെങ്കില്‍ ഒരു മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ പിഴ; മെറ്റയ്ക്ക് മുന്നറിയിപ്പുമായി സിംഗപ്പൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 4:36 pm

ജുറോങ് ഈസ്റ്റ്: ഫേസ്ബുക്കിലെ ആള്‍മാറാട്ട തട്ടിപ്പുകള്‍ തടയാനായി മെറ്റക്ക് നിര്‍ദേശം നല്‍കിയതായി സിംഗപ്പൂര്‍ സര്‍ക്കാര്‍. ഓണ്‍ലൈന്‍ ക്രിമിനല്‍ ഹാംസ് ആക്ട് പ്രകാരമുള്ള ആദ്യത്തെ നിര്‍ദേശമാണ് മെറ്റയ്ക്ക് നല്‍കിയതെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രി ഗോ പേയ് മിങ് പറഞ്ഞു.

ആള്‍മാറാട്ട തട്ടിപ്പുകള്‍ ഒഴിവാക്കാനായി മുഖം തിരിച്ചറിയാനുള്ള ഫീച്ചറുകള്‍ ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് ഫേസ്ബുക്ക് നടപ്പിലാക്കിയെങ്കില്‍ പിഴ ഈടാക്കുമെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ മെറ്റയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അടിയന്തിരമായി വിഷയത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ഒരു മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (776249 യു.എസ് ഡോളര്‍ അഥവാ 6.88കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

ഈ മാസം അവസാനിക്കുന്നതിന് മുമ്പ് നടപടികള്‍ കൈക്കൊള്ളണമെന്നാണ് നര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ന്യായമായ ഒഴിവുകഴിവുകള്‍ ബോധിപ്പിച്ചാല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കുമെന്നും അല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ പിഴ ഈടാക്കുമെന്നും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബുധനാഴ്ചയാണ് മെറ്റയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന കത്ത് കൈമാറിയിരിക്കുന്നത്.

അതേസമയം, ആള്‍മാറാട്ടം നടത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സെലിബ്രിറ്റികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടുന്നതും തങ്ങളുടെ പോളിസിക്ക് എതിരാണെന്ന് മെറ്റ വക്താവ് പ്രതികരിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്നും മെറ്റ വക്താവ് പറഞ്ഞു.

ആള്‍മാറാട്ടം നടത്തുന്ന അക്കൗണ്ടുകള്‍ കണ്ടെത്താനും സെലിബ്രിറ്റികളുടെ മുഖം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനും പ്രത്യേക സിസ്റ്റം തന്നെ മെറ്റയ്ക്കുണ്ടെന്നും വക്താവ് അറിയിച്ചു. തട്ടിപ്പിന് പിന്നിലുള്ള കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കുമെന്നും മെറ്റ അറിയിച്ചു.

തട്ടിപ്പ് നടത്തുന്ന പരസ്യം, അക്കൗണ്ടുകള്‍, പ്രൊഫൈലുകള്‍, ബിസിനസ് പേജുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടുകളെ അനുകരിക്കുന്ന പേജുകള്‍ തുടങ്ങിയവയ്ക്ക് എതിരെ തട്ടിപ്പ് വിരുദ്ധ നടപടികള്‍ കൈക്കൊള്ളണമെന്ന് സിംഗപ്പൂര്‍ പൊലീസ് ഫേസ്ബുക്കിനോട് ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് അന്തിമ തീയതിയൊന്നും നല്‍കിയിട്ടില്ല.

Content Highlight:  impersonation in Facebook: Singapore warns Meta of one million Singapore dollars fine