മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം; 180 എം.പിമാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്
India
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം; 180 എം.പിമാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്
നിഷാന. വി.വി
Thursday, 12th March 2026, 11:54 am

ന്യൂദല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏകദേശം 180 പ്രതിപക്ഷ എം.പിമാര്‍ നോട്ടീസില്‍ ഒപ്പുവെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ലോക്‌സഭയില്‍ നിന്നുള്ള 120 എം.പിമാരും രാജ്യസഭയില്‍ നിന്നുള്ള 60 പേരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

നിര്‍ദിഷ്ട ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) ക്രമക്കേട് നടത്തി നിരവധി വോട്ടര്‍മാരെ ഒഴിവാക്കിയെന്നതാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് ചര്‍ച്ചയ്‌ക്കെത്തിയ ടി.എം.സി നേതാക്കളുടെ പ്രതിനിധി സംഘത്തോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ മോശമായി പെരുമാറിയെന്നും പ്രമേയത്തില്‍ പറയുന്നു.

ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രമേയത്തില്‍ ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.

മാര്‍ച്ച് 12,13 തിയതികളില്‍ ഇരുസഭകളിലും നോട്ടീസ് സമര്‍പ്പിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
ബംഗാളിലെ എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ലക്ഷകണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ടി.എം.സി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളെ വിന്യസിച്ചതിനെതിരെയും ടി.എം.സി രംഗത്തെത്തിയിരുന്നു.

കൂടാതെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ തൃണമൂല്‍ നേതാക്കളെ ലക്ഷ്യം വെക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുന്നുവെന്ന് ടി.എം.സി പറഞ്ഞിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ടി.എം.സി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നത്. സുപ്രീം കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുന്ന അതേ രീതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും ഇംപീച്ച് ചെയ്യുക.

Content Highlight: Impeachment motion against Chief Election Commissioner; Reportedly signed by 180 MPs

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.