പാകിസ്ഥാന് 2.3 ബില്യൺ ഡോളർ ഐ.എം.എഫ് വായ്പ; എതിർത്ത് ഇന്ത്യ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
national news
പാകിസ്ഥാന് 2.3 ബില്യൺ ഡോളർ ഐ.എം.എഫ് വായ്പ; എതിർത്ത് ഇന്ത്യ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 7:06 am

ന്യൂദൽഹി: പാകിസ്ഥാന് 2.3 ബില്യൺ ഡോളർ വായ്പയും ബെയിൽഔട്ട് പാക്കേജും അനുവദിച്ച അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഈ പണം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിന് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ പറഞ്ഞു. തുടർന്ന് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പാകിസ്ഥാന് വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫ് എക്സിക്യൂട്ടിവ് ബോർഡ് വെള്ളിയാഴ്ച അവലോകന യോഗം ചേർന്നു. ഈ യോഗത്തിൽ 2.3 ബില്യൺ ഡോളറിൽ എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇ.എഫ്.എഫ് ) വായ്പാ പദ്ധതി പ്രകാരം പാകിസ്ഥാന്
ഒരു ബില്യൺ ഡോളർ ഉടനടി വിതരണം ചെയ്യാൻ ഐ.എം.എഫ് തീരുമാനിച്ചു.

അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് തുടർച്ചയായ സ്പോൺസർഷിപ്പ് നൽകുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നുവെന്നും ഇത് ആഗോള മൂല്യങ്ങളെ പരിഹസിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

‘പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ഐ.എം.എഫ് പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് അതിർത്തി കടന്നുള്ള ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ത്യ ഈ വിഷയത്തിൽ ആശങ്കാകുലരാണ്,’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ഐ‌.എം‌.എഫ് ഫണ്ട് വളരെ നിർണായകമാണ്. ഏപ്രിൽ 25 ന് പാകിസ്ഥാന്റെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം 15.25 ബില്യൺ ഡോളറായിരുന്നു. 2023 ൽ, പണപ്പെരുപ്പം 35 ശതമാനത്തിലധികമായതിനാൽ, ഒമ്പത് മാസത്തേക്ക് ഐ‌.എം‌.എഫിൽ നിന്ന് മൂന്ന് ബില്യൺ ഡോളറിന്റെ അടിയന്തര ധനസഹായം പാകിസ്ഥാൻ ലഭിച്ചിരുന്നു. നിലവിലെ പിരിമുറുക്കങ്ങൾ കഴിഞ്ഞ വർഷത്തെ അതിന്റെ സാമ്പത്തിക ഏകീകരണത്തെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ നാല് ബെയ്‌ൽഔട്ടുകൾ ലഭിച്ചതിനാൽ ഐ.എം.എഫിലെ വോട്ടെടുപ്പ് വളരെ പ്രധാനമാണ്.

ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാക്കിസ്ഥാനുള്ള ധനസഹായത്തിന്റെ അടുത്ത വിഹിതം വിതരണം ചെയ്യുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂരിനിടെ, പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. 25 ഇന്ത്യക്കാരും ഒരു വിദേശിയും ഉൾപ്പെടെ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഈ ഓപ്പറേഷൻ.

ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി മൂന്ന് രാത്രികളിൽ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലേക്ക് പാകിസ്ഥാന് ഡ്രോണുകൾ അയച്ച് ആക്രമണം നടത്തുകയാണ്.

 

Content Highlight:  IMF sanctions $2.3bn fund for Pakistan, India abstains from vote citing terror funding concerns