കശ്മീരിലെ പാക് ഭീകരതക്ക് ഐ.എം.എഫ് പണം നല്‍കുന്നു: വിമർശിച്ച് ഒമര്‍ അബ്ദുള്ള
national news
കശ്മീരിലെ പാക് ഭീകരതക്ക് ഐ.എം.എഫ് പണം നല്‍കുന്നു: വിമർശിച്ച് ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 2:36 pm

ന്യൂദൽഹി: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പാകിസ്ഥാനെ സഹായിക്കാന്‍ 1.3 ബില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മെയ് ഒമ്പത് വെള്ളിയാഴ്ച ഐ.എം.എഫ് നടത്തിയ ഒരു അവലോകന യോഗത്തിലായിരുന്നു വായ്പ നല്‍കാന്‍ അംഗീകരിച്ചത്.

തുടര്‍ന്ന് ഈ വിഷയത്തില്‍ ഒമര്‍ അബ്ദുള്ള ശക്തമായ പ്രതികരണം നടത്തുകയായിരുന്നു. ഐ.എം.എഫ് പാകിസ്ഥാനെ സാമ്പത്തികമായി സഹായിക്കുന്നത്തിലൂടെ പൂഞ്ച്, രജൗരി, ഉറി, തങ്ധര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ നാശത്തില്‍ അവർ പങ്കാളികളാകുമെന്നും പാകിസ്ഥാനെ സഹായിച്ചുക്കൊണ്ട് അന്താരാഷ്ട്ര സമൂഹം ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഒമര്‍ അബ്ദുള്ള എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനാണ് ഐ.എം.എഫ് വായ്പ അനുവദിച്ചത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാന് വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫ് എക്സിക്യൂട്ടിവ് ബോർഡ് വെള്ളിയാഴ്ച അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ 2.3 ബില്യൺ ഡോളറിൽ എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇ.എഫ്.എഫ് ) വായ്പാ പദ്ധതി പ്രകാരം പാകിസ്ഥാന് ഒരു ബില്യൺ ഡോളർ ഉടനടി വിതരണം ചെയ്യാൻ ഐ.എം.എഫ് തീരുമാനിക്കുകയും ചെയ്തു.

ഈ പണം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിന് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ പറഞ്ഞു. തുടർന്ന് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് തുടർച്ചയായ സ്പോൺസർഷിപ്പ് നൽകുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നുവെന്നും ഇത് ആഗോള മൂല്യങ്ങളെ പരിഹസിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പ്രധാന ആശങ്ക പാകിസ്ഥാന്‍ ഈ പണം അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമോ എന്നതായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാന്റെ കടബാധ്യത വളരെ കൂടുതലാണെന്നും അതിനാല്‍ പണം ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുമെന്നുള്ള ഉറപ്പില്ലെന്നും കൂടാതെ പാകിസ്ഥാന്‍ മുമ്പും പലതവണ വായ്പ വാങ്ങിയിട്ടും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഐ.എം.എഫില്‍ ഏറ്റവും വലിയ വോട്ടിങ് വിഹിതം (16%) അമേരിക്കയ്ക്കാണ്. ഇന്ത്യക്ക് 3.05% മാത്രമാണ് വോട്ടിങ് പങ്ക്. അതിനാല്‍ ഇന്ത്യയുടെ ആശങ്കകളെ മറികടന്ന് അമേരിക്ക അടക്കമുള്ള പ്രധാന ശക്തികളുടെ പിന്തുണയോടെ പാകിസ്ഥാന് വായ്പ അനുവദിക്കപ്പെട്ടു.

 

 

Content Highlight: IMF is reimbursing Pak terror in Kashmir’: CM Omar Abdullah hits out after US voted in favour