'ഇന്റര്‍നാഷണല്‍ മുജാഹിദ്ദീന്‍ ഫണ്ട്, ലജ്ജ തോന്നുന്നു'; പാകിസ്ഥാന് വായ്പ അനുവദിച്ചതില്‍ ഐ.എം.എഫിനെതിരെ അധിക്ഷേപം
national news
'ഇന്റര്‍നാഷണല്‍ മുജാഹിദ്ദീന്‍ ഫണ്ട്, ലജ്ജ തോന്നുന്നു'; പാകിസ്ഥാന് വായ്പ അനുവദിച്ചതില്‍ ഐ.എം.എഫിനെതിരെ അധിക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 2:27 pm

ന്യൂദല്‍ഹി: പാകിസ്ഥാന് വായ്പ അനുവദിച്ചതിന് പിന്നാലെ ലോക ബാങ്കിനെതിരെ അധിക്ഷേപം. ഐ.എം.എഫ് എന്നത് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടല്ല, ഇന്റര്‍നാഷണല്‍ മുജാഹിദ്ദീന്‍ ഫണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അധിക്ഷേപം. സമൂഹമാധ്യമമായ എക്സിലെ ഏതാനും ഹിന്ദുത്വ അനുകൂല ഹാന്‍ഡിലുകളാണ് അധിക്ഷേപ പരാമര്‍ശം നടത്തുന്നത്.

ലോകബാങ്ക് തീവ്രവാദികളെ പിന്തുണക്കുന്നുവെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഹാഷ്ടാഗുകളിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ചാണ് ഹിന്ദുത്വ അനുകൂലികള്‍ അന്താരാഷ്ട്ര സംഘടനയെ അധിക്ഷേപിക്കുന്നത്.

തീവ്രവാദത്തിന് സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകബാങ്കിനെ കുറിച്ച് ലജ്ജ തോന്നുവെന്നും സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പറയുന്നു.

പാകിസ്ഥാന് 2.3 ബില്യണ്‍ ഡോളര്‍ വായ്പയും ബെയില്‍ഔട്ട് പാക്കേജുമാണ് ലോകബാങ്ക് അനുവദിച്ചത്. ഈ പണം അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതിന് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ച് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.


ഐ.എം.എഫ് എക്‌സിക്യൂട്ടിവ് ബോര്‍ഡ് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 2.3 ബില്യണ്‍ ഡോളറില്‍ എക്‌സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇ.എഫ്.എഫ് ) പദ്ധതി പ്രകാരം, പാകിസ്ഥാന് ഒരു ബില്യണ്‍ ഡോളര്‍ ഉടനടി വിതരണം ചെയ്യാന്‍ ഐ.എം.എഫ് തീരുമാനിക്കുകയായിരുന്നു.

പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ഐ.എം.എഫ് ഫണ്ട് വളരെ നിര്‍ണായകമാണ്. ഏപ്രില്‍ 25ന് പാകിസ്ഥാന്റെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരം 15.25 ബില്യണ്‍ ഡോളറായിരുന്നു.

2023ല്‍, പണപ്പെരുപ്പം 35 ശതമാനത്തിലധികമായതിനാല്‍, ഒമ്പത് മാസത്തേക്ക് ഐ.എം.എഫില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം പാകിസ്ഥാന്‍ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലോകബാങ്ക് വീണ്ടും പാകിസ്ഥാന് വായ്പ അനുവദിച്ചത്.

എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ പാകിസ്ഥാന് ശക്തമായ സന്ദേശം നല്‍കാനുള്ള അവസരം ഇല്ലാതാക്കിയെന്നായിരുന്നു വിമര്‍ശനം.


പാകിസ്ഥാന് വായ്പ നല്‍കുന്ന വിഷയം ഐ.എം.എഫില്‍ എത്തുമ്പോള്‍ ഇന്ത്യ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 29ന് തന്നെ കോണ്‍ഗ്രസ് ഇക്കാര്യം സര്‍ക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

നേരത്തെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ലോകബാങ്ക് തള്ളിയിരുന്നു. കരാര്‍ നിലവില്‍വരാന്‍ മാധ്യസ്ഥത വഹിക്കുക മാത്രമാണ് ലോകബാങ്ക് ചെയ്തതെന്ന് പ്രസിഡന്റ് അജയ് ബാംഗ വ്യക്തമാക്കുകയായിരുന്നു.

Content Highlight: IMF criticized for granting loan to Pakistan