ഗീത ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ്
world
ഗീത ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ്
ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 9:57 pm

വാഷിങ്ടണ്‍: മലയാളിയും ഹാര്‍വാര്‍ഡ് സര്‍വകലാശാല സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ഗീതാ ഗോപിനാഥിനെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഐ.എം.എഫ് നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീതാ ഗോപിനാഥ്.

ഇപ്പോഴുള്ള ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ഗീതാ ഗോപിനാഥിന്റെ നിയമനം.

ഗീതയുടെ അഭിനന്ദിച്ചുകൊണ്ട് ഐ.എം.എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ രംഗത്തെത്തി. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ദല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ദല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം.എയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടി. മുന്‍ ഐ.എ.എസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണ് ഭര്‍ത്താവ്. മകന്‍ രോഹില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.