തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിനോടൊപ്പം 2020-21 അധ്യയന വര്‍ഷം ആരംഭക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ സ്‌കൂളുകള്‍ ഒരു കാരണവശാലും പെട്ടെന്ന് തുറക്കുന്ന സാഹചര്യമുണ്ടാവരുതെന്ന നിര്‍ദേശവുമായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പടരുന്ന സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയില്‍ ആരംഭിക്കുന്നത് അപകടകരമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളിലും കോളെജുകളിലും ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞിരുന്നു. സ്ഥാപനങ്ങളിലെത്തിയിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
കുട്ടികളില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം സാധ്യമാക്കാനുള്ള സംവിധാനങ്ങളാണ് നിലവില്‍ നല്ലതെന്നും ഐ.എം.എയുടെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഒരു വിദഗ്ധ സമിതിയെ വെച്ച് കാര്യങ്ങള്‍ പഠന വിധേയമാക്കിയതിന് ശേഷം ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും അയച്ചു കൊടുത്തിട്ടുണ്ട്. അതില്‍ പ്രധാനമായും പറയുന്നത് കുട്ടികള്‍ പലരും പല വീടുകളില്‍ നിന്നും വരുന്നവരായിരിക്കും. സ്‌കൂളുകളില്‍ ഒന്നിച്ചു ചേരുകയും ചെയ്യുമ്പോള്‍ അകലം പാലിക്കാന്‍ എത്രത്തോളം പറ്റും എന്ന് പറയാന്‍ സാധിക്കില്ല. ക്ലാസുകള്‍ തുറന്നു കഴിഞ്ഞാല്‍ അവിടെ വരുന്ന കുട്ടികളും അവരിടപഴകുന്ന കുടുംബം തുടങ്ങി വീണ്ടും രോഗ വ്യാപന സാധ്യത വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സമിതി നിര്‍ദേശിക്കുന്നത്,’ എബ്രഹാം വര്‍ഗീസ് പറഞ്ഞു.
അതേസമയം ക്ലാസുകള്‍ തുറക്കണമെന്നുണ്ടെങ്കില്‍ ഹൈസ്‌കൂളുകളിലെ കുട്ടികള്‍ക്ക് രാവിലെയും ഉച്ചയ്ക്കും എന്ന കണക്കില്‍ കുട്ടികളുടെ എണ്ണം കുറച്ച് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുകയോ അതോ വീഡിയോ കോളിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറിയ കുട്ടികള്‍ക്ക് രണ്ടുമാസംവരെയെങ്കിലും ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ കര്‍ശനമായി പാലിച്ച് പോകേണ്ടതുണ്ടെന്നും ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുട്ടികള്‍ എത്തുമ്പോള്‍ തന്നെ കൈകള്‍ വൃത്തിയാക്കി സ്‌കൂളിനകത്തേക്ക് കയറാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ തമ്മില്‍ കെട്ടിപിടിക്കുന്നതും പരസ്പരം ഒരുമിച്ചു നടക്കുന്നതും വരെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ തുറന്നാല്‍ ഏതെങ്കിലും തരത്തില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായാല്‍ സമൂഹവ്യാപന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും അത് നിലവിലെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക