കേന്ദ്ര സര്‍ക്കാരിന് ഈഗോയാണ്, കെജ്‌രിവാള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തണം എന്ന് മാത്രമാണ് ആവശ്യം: അരവിന്ദ് കെജ്‌രിവാള്‍
national news
കേന്ദ്ര സര്‍ക്കാരിന് ഈഗോയാണ്, കെജ്‌രിവാള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തണം എന്ന് മാത്രമാണ് ആവശ്യം: അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 10:32 am

ന്യൂദല്‍ഹി: ബജറ്റ് അവതരണം തടഞ്ഞതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രത്തില്‍ താഴെത്തട്ട് വരെ എല്ലാവരും വിദ്യാഭ്യാസമില്ലാത്തവരാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ദല്‍ഹിയുടെ ബജറ്റ് അവതരണം മുടക്കി. പരസ്യത്തിനായുള്ള ബജറ്റ് അടിസ്ഥാന സൗകര്യ വികസന ബജറ്റിനേക്കാള്‍ കൂടുതലാണെന്നായിരുന്നു വാര്‍ത്തകള്‍. പരസ്യത്തിന്റെ ബജറ്റ് 20,000 കോടി രൂപയാണ്. പരസ്യത്തിന് 550 കോടിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് തടഞ്ഞു. ഇത് ഭരണഘടനയോടുള്ള അനീതിയാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.

താന്‍ പ്രധാനമന്ത്രിയുടെ കുഞ്ഞനുജന്‍ ആണെന്നായിരുന്നു കെജ്‌രിവാള്‍ സ്വയം പരിചയപ്പെടുത്തിയത്. നമ്മള്‍ ഒരു കുടുംബം പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. ദല്‍ഹിയില്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ മനസ് പിടിച്ചുപറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ആഭ്യന്തര മന്ത്രാലയം നിലവില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബജറ്റില്‍ യാതൊരു വിധ മാറ്റവുമില്ല. ഇത് വ്യക്തമാക്കുന്നത് കേന്ദ്രത്തിന്റെ ഈഗോ ആണ്. കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ തലകുനിക്കണമെന്ന് മാത്രമാണ് അവരുടെ ആവശ്യം,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
ദല്‍ഹിയിലെ ജനങ്ങളോട് എന്തിനാണ് ഇത്ര വെറുപ്പെന്ന് അദ്ദേഹം കത്തില്‍ ചോദിച്ചിരുന്നു. 75
75 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ദല്‍ഹിയിലെ ബജറ്റ് തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ്. പ്രധാനമന്ത്രിക്ക് ദല്‍ഹിയിലെ ജനങ്ങളോട് എന്താണിത്ര വിദ്വേഷം? ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കൂപ്പുകൈയ്യോടെ ജനങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ കെജ്രിവാള്‍ കത്തില്‍ പറഞ്ഞു.

ചരിത്രത്തിലാദ്യമായാണ് ഇത്തരം നടപടിയെന്ന് ദല്‍ഹി ധനകാര്യ മന്ത്രി കൈലാഷ് ഗലോട്ടും പ്രതികരിച്ചിരുന്നു.

മാര്‍ച്ച് 10ന് ബജറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനക്ക് അയച്ചിരുന്നു. എന്നാല്‍ ബജറ്റിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയുള്ള ഫയല്‍ മാര്‍ച്ച് 20നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയതെന്ന് ദല്‍ഹി ധനമന്ത്രി കൈലാഷ് ഗലോട്ട് ട്വിറ്ററില്‍ കുറിച്ചു.

 

Content Highlight: illiterate people from top to bottom in centre says kejriwal