തുര്‍ക്കി ഉള്‍പ്പെട്ട നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കാരണം ഐ.ഐ.ടി ബോംബെ തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കുന്നുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഔദ്യോഗിക എക്‌സ് പേജിലൂടെയായിരുന്നു അറിയിപ്പ്. നിലവില്‍ തുര്‍ക്കി സ്ഥാപനങ്ങളുമായി ഐ.ഐ.ടി ബോംബെയ്ക്ക് ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുണ്ടായിരുന്നു.
നേരത്തെ ഇക്കാരണത്താല്‍ തന്നെ ജാമിയ മില്ലിയ സര്‍വകലാശാലയും ജെ.എന്‍.യുവും തുര്‍ക്കിയുമായുള്ള ധാരണാപത്രങ്ങള്‍ റദ്ദാക്കിയിരുന്നു. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാപത്രങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി സര്‍വകലാശാലകള്‍ അറിയിക്കുകയായിരുന്നു.
2025 ഫെബ്രുവരി മൂന്നിന് ഒപ്പുവെച്ച ധാരണാപത്രമാണ് ഇരു വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ത്തിവെച്ചത്.
മൂന്ന് വര്‍ഷത്തേക്കാണ് ജെ.എന്‍.യുവും ഇനോനുവും അക്കാദമിക് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച്, ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, വിദ്യാര്‍ത്ഥി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇരു സ്ഥാപനങ്ങളും തീരുമാനത്തിലെത്തിയിരുന്നു.
നേരത്തെ തുര്‍ക്കി ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാപത്രം ഐ.ഐ.ടി റൂര്‍ക്കി റദ്ദാക്കുകയും ചെയ്തിരുന്നു. അക്കാദമിക് മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നതും ദേശീയ താത്പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആഗോള സഹകരണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണെന്നും റൂര്‍ക്കി അറിയിക്കുകയായിരുന്നു.
സര്‍വകലാശാലകളുടെ നടപടികള്‍ക്ക് പുറമെ പാകിസ്ഥാനെ പിന്തുണച്ചതിന്റെ പേരില്‍ ഒന്നിലധികം തിരിച്ചടികള്‍ തുര്‍ക്കി നേരിടുന്നുണ്ട്. വ്യാപാരബന്ധമടക്കം ഇന്ത്യ നിരോധിക്കുന്ന സാഹചര്യത്തിലേക്കെത്തിയിരുന്നു.
നിലവില്‍ ടര്‍ക്കിഷ് മാധ്യമമായ ടി.ആര്‍.ടി വേള്‍ഡ് രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍, മാര്‍ബിള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതിയും ഇന്ത്യ വെട്ടിക്കുറച്ചു. തുര്‍ക്കിയുമായി ദീര്‍ഘകാല സാമ്പത്തിക സഹകരണ കരാറുകള്‍ നിലനില്‍ക്കെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.
Content Highlight: IIT Bombay temporarily withdraws all agreements with Turkish universities after JNU and Jamia Millia Islamia in support of Pakistan