50000 രൂപയുടെ ആള്‍ ജാമ്യത്തിനാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഐ.ഐ.എം കൊല്‍ക്കത്തയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരമാനന്ദ്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
ഐ.ഐ.എം കൊല്‍ക്കത്ത കാമ്പസില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്ന് ജൂലൈ 13ന് രാത്രി കൊല്‍ക്കത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസില്‍ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ മുമ്പ് നിയോഗിച്ചിരുന്നു. വിചാരണയ്ക്കിടെ പരസ്പര സമ്മതത്തോട് കൂടിയാണ് ലൈഗിക ബന്ധം നടന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രഥമദൃഷ്ട്യായുള്ള തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അജിജീവിതയുടെ വാദങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയുടെ അമ്മ മകന്‍ നിരപരാധിയാണെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ അവന്‍ ഒരിക്കലും ചെയ്യില്ലെന്നും എ.എന്‍.ഐയോട് പ്രതികരിച്ചു. ജൂലായ് 13ന് രാത്രി 11 മണിയോടെ അവന്റെ സുഹൃത്താണ് മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ച് പറഞ്ഞത്. മകനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്ക് ഒരു സൂചനയും ഇല്ലായിരുന്നെന്നും മകനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജൂലായ് 11ന് കൊല്‍ക്കത്തയിലെ ഐ.ഐ.എം ക്യാമ്പസിനുള്ളിലെ ബോയ്സ് ഹോസ്റ്റലില്‍ വെച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി പ്രകാരം ക്യാമ്പസിലെ വിദ്യാര്‍ത്ഥിയും കര്‍ണാടക സ്വദേശിയുമായ പരമാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി മറ്റൊരു കോളേജില്‍ നിന്ന് കൗണ്‍സിലിങ്ങിനായി ഐ.ഐ.എമ്മിലേക്ക് വന്നതാണ്. ഇതിനിടെ യുവതി പരമാനന്ദുമായി പരിചയത്തിലാകുകയായിരുന്നു. തുടര്‍ന്ന് പ്രതി യുവതിയെ ഹോസ്റ്റലിലേക്ക് ക്ഷണിക്കുകയും മുറിയിലെത്തിയ ശേഷം ലഹരി നല്‍കി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
Content Highlight: IIM Calcutta assault case: Accused gets bail for allegedly not cooperating with investigation