സി.പി.ഐ.എം പാറശ്ശാല ഏരിയാ കമ്മിറ്റിക്ക് അഭിനന്ദനവുമായി വി.ടി. ബല്‍റാം
Kerala News
സി.പി.ഐ.എം പാറശ്ശാല ഏരിയാ കമ്മിറ്റിക്ക് അഭിനന്ദനവുമായി വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th January 2022, 2:11 pm

പാലക്കാട്: സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല നിലപാട് തള്ളിയതിന് പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

‘ചൈനയെ തള്ളിയതിന്റെ പേരില്‍ പാറശ്ശാല ഏരിയാ കമ്മിറ്റിക്കാരെ ട്രോളുകയല്ല വേണ്ടത്,
സി.പി.ഐ.എം നേതാക്കളുടെ സ്ഥിരമായ ‘ചൈന തള്ളു’കളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് അത് തള്ളിക്കളഞ്ഞ പാര്‍ട്ടിക്കകത്തെ അപൂര്‍വം വിവേകശാലികള്‍ എന്ന നിലയില്‍ പാറശ്ശാലക്കാര്‍ അഭിനന്ദനമാണ് അര്‍ഹിക്കുന്നത്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നോക്കുമ്പോള്‍ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യമാകും. കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നിങ്ങനെയായിരുന്നു സി.പി.ഐ.എം ജില്ലാ സമ്മേളനത്തില്‍ പാറശ്ശാല ഏരിയാ കമ്മിറ്റി ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങള്‍.

ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാറശ്ശാല ഏരിയാ കമ്മിറ്റി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നത്.

രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

നമ്മുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയ്യേറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ വിദേശകാര്യ നയമെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ചൈനാ നിലപാടില്‍ എസ്. രാമചന്ദ്രന്‍ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്ന എസ്.ആര്‍.പിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.