തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ തീര്‍ത്ഥാടനകേന്ദ്രമായ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് പ്രൗഢഗംഭീര തുടക്കം. പതിനെഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലണ്ടനിലെ റൂസ്‌വെല്‍റ്റ് തിയേറ്റര്‍ മാതൃകയില്‍ തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.[]
ഫിലിം കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നിര്‍മാമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ നല്ല സിനിമകളാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. സിനിമക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ വിധത്തിലുമുള്ള പ്രോത്സാഹനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായാണ് കൈരളി തിയറ്റര്‍ സമുച്ചയം മേളയോടനുബന്ധിച്ച് പ്രേക്ഷകര്‍ക്കായി തുറന്നുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരുന്നു. സിനിമകളുടെ സമയക്രമങ്ങള്‍ അടങ്ങിയ ഫെസ്റ്റിവല്‍ കാറ്റലോഗ് തിരുവനന്തപുരം മേയര്‍ അഡ്വ. കെ ചന്ദ്രികക്ക് നല്‍കിക്കൊണ്ട് കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂര്‍ പ്രകാശനം ചെയ്തു. ഡെയിലി ബുള്ളറ്റിന്‍ വി. ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് നല്‍കിക്കൊണ്ട് കെ. മുരളീധരന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷന്‍ പോള്‍ കോക്‌സ്, ജൂറി അംഗങ്ങള്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ഉദ്ഘാടന ചിത്രമായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ “ദ റിംഗ്” പ്രദര്‍ശിപ്പിച്ചു.
ലോകസിനിമാ വിഭാഗത്തിലെ 11 ചിത്രങ്ങളാണ് ഉദ്ഘാടന ചിത്രത്തിനുമുമ്പ് പ്രദര്‍ശിപ്പിച്ചത്. ആത്മീയ വിശ്വാസത്തിന്റെ പ്രശ്‌നങ്ങളുമായി ഏറ്റുമുട്ടുന്ന ചിത്രം ഫോര്‍ സണ്‍സ് ആയിരുന്നു മേളയില്‍ ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ബോധാന്‍ സ്ലാമയാണ് സംവിധായകന്‍.
ജനുവരി 25 ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള പത്ത് ഹൃസ്വചിത്രങ്ങളുടെ സമാഹാരമാണ് 18 ഡെയ്‌സ്. പത്ത് സംവിധായകരുടെ സംരംഭമാണ്. കലാഭവനില്‍ ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ പുറത്തിറങ്ങാതിരുന്നത് അടുത്ത പടം കാണാനെത്തിയവരെ കഷ്ടത്തിലാക്കി. കഴിഞ്ഞ കാനില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ദിസ് മസ്റ്റ് ബി ദ പ്ലെയ്‌സ് എന്ന ത്രിഭാഷ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പൗലോ സോറന്റിനോ എന്ന പ്രതിഭാധനനായ ചലച്ചിത്രകാരന്റെ വിസ്മയക്കാഴ്ചയായിരുന്നു ഡിജിറ്റല്‍ സിനിമ പൊജക്ഷനിലൂടെ കണ്ടത്.
സമകാലികരായ മറ്റ് ചൈനീസ് സംവിധായകര്‍ ധൈര്യപ്പെടാത്ത രീതിയില്‍ ലൈംഗികതയെ തന്റേതായ ശൈലിയില്‍ ചലച്ചിത്രാഖ്യാനത്തിന് ഉപയോഗിച്ച സംവിധായകനാണ് ലോ യൂ. കലാഭവനില്‍ അദ്ദേഹത്തിന്റെ മിസ്റ്ററി പ്രേക്ഷകര്‍ക്കിടയില്‍ നല്ല അഭിപ്രായമാണ് സൃഷ്ടിച്ചത്.
ലോകസിനിമാ വിഭാഗത്തില്‍ ഉര്‍സുളയുടെ സിസ്റ്റര്‍ (ഫ്രഞ്ച്), ഫാത്തിഹ് അകിന്റെ പൊല്യൂട്ടിംഗ് പാരഡൈസ് (ജര്‍മ്മനി), കിം നോ യോങിന്റെ ബ്യൂട്ടിഫുള്‍ (ചൈന) തുടങ്ങിയവയ്ക്കും നിറഞ്ഞ സദസ്സുകളായിരുന്നു.
