സിദാൻ വന്നാലെ ബ്രസീൽ രക്ഷപ്പെടൂ; തുറന്ന് പറഞ്ഞ് മുൻ ബ്രസീൽ താരം
football news
സിദാൻ വന്നാലെ ബ്രസീൽ രക്ഷപ്പെടൂ; തുറന്ന് പറഞ്ഞ് മുൻ ബ്രസീൽ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th January 2023, 3:03 pm

ലോകകപ്പ് കഴിഞ്ഞതോടെ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് ബ്രസീൽ ദേശീയ ടീം.
ലോകകപ്പിൽ മറ്റെല്ലാ ടീമുകളെയും അപേക്ഷിച്ച് ഏറ്റവും മികച്ച സ്ക്വാഡുമായി മത്സരത്തിനെത്തിയ ബ്രസീൽ എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുറത്താവുകയായിരുന്നു.

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ റൗണ്ടിൽ ക്രൊയേഷ്യക്കെതിരെയാണ് ബ്രസീൽ പരാജയപ്പെട്ട് പുറത്തായത്. ഇതോടെ ബ്രസീൽ പരിശീലകനായ ടിറ്റെ രാജിവെക്കുകയും, നെയ്മർ അടക്കമുള്ള താരങ്ങൾ മത്സരത്തിൽ നിന്നും വിരമിച്ചേക്കുമെന്ന തരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്നും മുക്തരായ ബ്രസീൽ ടീം അംഗങ്ങൾ അവരവരുടെ ക്ലബ്ബുകളിലേക്ക് തിരിച്ചു പോയിരിക്കുകയാണിപ്പോൾ.

എന്നാൽ പുതിയൊരു കോച്ച് നിയമിതനായാൽ മാത്രമേ ബ്രസീലിന് ദേശീയ ഫുട്ബോൾ മത്സരങ്ങൾക്കായി ഇനി ഒരുങ്ങാൻ സാധിക്കൂ. ബ്രസീൽ വംശജനല്ലാത്ത ആദ്യ കോച്ച് ബ്രസീലിനെ പരിശീലിപ്പിക്കണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ പെപ്പ് ഗ്വാർഡിയോള ബ്രസീലിന്റെ അടുത്ത പരിശീലകനാവും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ സിറ്റിയെ ചാമ്പ്യൻസ് ലീഗ് വിജയിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അടുത്തിടെ പെപ്പ് പ്രതികരിച്ചിരുന്നു.

പിന്നീട് പോർച്ചുഗലും തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ജോസെ മൗറീന്യോ ബ്രസീൽ പരിശീലകൻ ആകും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് സാക്ഷാൽ സിനദിൻ സിദാന്റെത്.
എന്നാലിപ്പോൾ സിദാൻ ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് വരണമെന്നും എന്നാലേ ടീം രക്ഷപെടൂ എന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ മുൻ താരം ജൂനിയോ പെർണാമ്പുക്കാനോ.

നിലവിൽ ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിന്റെ സ്പോർടിങ്‌ ഡയറക്ടർമാരിലൊരാളാണ് ജൂനിയോ.
സിദാനാണ് ബ്രസീലിന് പറ്റിയ പെർഫെക്ട് പരിശീലകനെന്നും സിദാൻ വന്നാൽ ബ്രസീൽ രക്ഷപെടുമെന്നുമാണ് ജൂനിയോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

“ഫുട്ബോൾ ഒരു ജനാധിപത്യപരമായ കായികയിനമാണ്. അതിൽ എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരമുണ്ട്. അത് കൊണ്ട് തന്നെ ബ്രസീലിൽ നിന്ന് തന്നെ പരിശീലകൻ വരണമെന്ന് നിർബന്ധം പിടിക്കുന്നതിൽ അർത്ഥമില്ല. വിദേശ പരിശീലകരെയാണ് ഈ സാഹചര്യത്തിൽ പരിഗണിക്കേണ്ടത്.സിദാൻ ബ്രസീലിന് പെർഫെക്ടായ പരിശീലകനാണ്,’ ജൂനിയോ പറഞ്ഞു.

കൂടാതെ മികച്ച ടീമുണ്ടെങ്കിലും ബ്രസീലിന് മുന്നേറാൻ സാധിക്കുന്നില്ലെന്നും, സിദാൻ വന്നാൽ ബ്രസീൽ രക്ഷപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പരിശീലക സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്ന് വരുന്നതല്ലാതെ വിഷയത്തെ പറ്റി കൂടുതൽ അറിയിപ്പുകളൊന്നും ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിട്ടിട്ടില്ല. കൂടാതെ സിദാനും ഇത് വരേയും വിഷയത്തെ സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

 

Content Highlights:If Zidane comes, brazil became a better team;said former Brazilian player